കൊച്ചി: മുൻ മന്ത്രിമാരും എംഎൽഎമാരും പ്രതികളായ കേസുകളുടെ അന്വേഷണത്തിൽ വിജിലൻസിന് അലംഭാവമാണെന്ന് ഹൈക്കോടതി. ആലുവ മണപ്പുറം മേൽപ്പാലം അഴിമതിക്കേസ് പരിഗണിക്കുന്നതിനിടെയാണു കോടതിയുടെ പരാമർശം. കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കുന്നതിനുള്ള അനുമതിയപേക്ഷയിൽ തീരുമാനം വൈകുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്.

Also Read: കോവിഡ് 19: ബാങ്ക് വായ്പ ഈടാക്കുന്നത് നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

അനുമതിയപേക്ഷയിൽ സർക്കാരിന്റെ തീരുമാനം കാക്കുകയാണന്നാണ് വിജിലൻസ് അറിയിച്ചത്. കേസ് അന്വേഷണത്തിൽ കാലതാമസം നേരിടുകയാണെന്നും 2017 ൽ അഴിമതി നിരോധന നിയമത്തിൽ ഭേദഗതി നിലവിൽ വന്നതുമുതൽ ഇതാണ് അവസ്ഥയെന്നും കോടതി പ്രതികരിച്ചു. അനുമതി അപേക്ഷയിൽ ഒരു മാസത്തിനകം തീരുമാനം അറിയിക്കാൻ കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.

അനുമതിയപേക്ഷയിൽ തീരുമാനമെടുത്തില്ലങ്കിൽ പൊതുമരാമത്ത് സെക്രട്ടറി നേരിട്ട് ഹാജരാവണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇബ്രാഹിം കുഞ്ഞിനു പുറമെ അൻവർ സാദത്ത് എംഎൽഎ, പൊതുമരാത്ത് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Also Read: കോവിഡ് 19: കേരളത്തിൽ രണ്ട് എംഎൽഎമാർ നിരീക്ഷണത്തിൽ

ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാൻ അനുമതി തേടി പരാതിക്കാരനായ ഖാലിദ് മുണ്ടപ്പിള്ളി 2018 ഒക്ടോബർ 24നാണ് സർക്കാരിന് അപേക്ഷ നൽകിയത്. മേൽപ്പാലത്തിന് 17 കോടിയുടെ എസ്റ്റിമേറ്റാണ് അനുവദിച്ചതെന്നും പുർത്തിയായപ്പോൾ 33 കോടി ചെലവായന്നും അതിൽ അഴിമതിയുണ്ടെന്നും പരാതിയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.