തിരുവനന്തപുരം: കലോത്സവത്തിലെ മത്സരം കഴിഞ്ഞിറങ്ങിയ പെൺസുഹൃത്തിനെ കെട്ടിപ്പിടിച്ചതിന് രണ്ട് വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കിയ നടപടിയെ പിന്തുണച്ച് ഹൈക്കോടതി. തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്കൂളില്‍ കഴിഞ്ഞ ജൂലായിൽ സ്കൂളിൽ നിന്നും പുറത്താക്കിയ രണ്ട് വിദ്യാർത്ഥികളെയും ഇതുവരെയും തിരിച്ചെടുത്തിട്ടില്ല. ഇതിനെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ സ്കൂള്‍ മാനേജ്മെന്റായ മാര്‍ തോമാ ചര്‍ച്ചിനെതിരെ രംഗത്ത് വന്നു. തുടര്‍ന്ന് മാനേജ്മെന്റ് കോടതിയെ സമീപിക്കുകയായിരുന്നു.

ഇരയ്ക്ക് നഷ്ടപരിഹാരത്തിന് വേണ്ടി മാത്രമേ കമ്മീഷന് നിലകൊളളാന്‍ കഴിയുകയുളളൂവെന്ന് കോടതി വ്യക്തമാക്കി. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സ്കൂളിന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. ഇതോടെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മുടങ്ങുകയും ചെയ്തു.

സ്കൂൾ അധികൃതരുടെ കർശന നിലപാട് കാരണം തിരുവനന്തപുരം സ്വദേശികളായ രണ്ട് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസമാണ് മുടങ്ങിയിരിക്കുന്നത്. 2017 ജൂലായ് 21നാണ് സ്കൂളിലെ പ്രശ്നങ്ങൾ ആരംഭിച്ചത്. സ്കൂൾ കലോത്സവത്തിലെ വെസ്റ്റേൺ സംഗീത മത്സരത്തിൽ പങ്കെടുത്ത പെൺസുഹൃത്തിനെ മത്സരം കഴിഞ്ഞശേഷം അനുമോദിക്കുന്നതിനായി വിദ്യാർത്ഥി കെട്ടിപ്പിടിച്ചതാണ് അദ്ധ്യാപകരെ ചൊടിപ്പിച്ചത്.

പെൺസുഹൃത്തിനെ കെട്ടിപ്പിടിക്കുന്നത് ഒരു അദ്ധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് രണ്ട് വിദ്യാർത്ഥികളെയും വൈസ് പ്രിൻസിപ്പലിന്റെ ഓഫീസിൽ കൊണ്ടുപോയി അദ്ധ്യാപികമാർ ചോദ്യം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത പെൺസുഹൃത്തിനെ അനുമോദിക്കുന്നതിനായാണ് കെട്ടിപ്പിടിച്ചതെന്നും, അതിനെ മറ്റൊരു രീതിയിൽ കാണേണ്ടതില്ലെന്നും 16കാരൻ അദ്ധ്യാപികമാരോട് പറഞ്ഞു. എന്നാൽ ഇതൊന്നും ചെവികൊള്ളാൻ അദ്ധ്യാപികമാർ തയ്യാറായില്ല. തുടർന്ന് രണ്ടുപേരോടും ഒരാഴ്ചത്തേക്ക് സ്കൂളിൽ വരേണ്ടതില്ലെന്ന് നിർദേശിക്കുകയും ചെയ്തു.

വൈസ് പ്രിൻസിപ്പൽ താക്കീത് നൽകി വിട്ടയക്കാൻ ശ്രമിച്ചപ്പോൾ സ്കൂളിലെ മറ്റു അദ്ധ്യാപികമാരാണ് പ്രശ്നം വഷളാക്കിയതെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. ഇതിനിടെ വിദ്യാർത്ഥിയുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തങ്ങളുടെ മുന്നിൽവച്ച് അദ്ധ്യാപികമാർ കുട്ടിയെ അധിക്ഷേപിച്ചതായും, 16കാരനായ മകനെ വിത്തുകാളയെന്ന് വിശേഷിപ്പിച്ചതായും രക്ഷിതാക്കൾ പറഞ്ഞു.

സ്കൂളിന്റെ നടപടിക്കെതിരെ രക്ഷിതാക്കൾ ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. കുട്ടിയുടെ വിദ്യാഭ്യാസം തടയരുതെന്ന് വ്യക്തമാക്കി ബാലാവകാശ കമ്മീഷൻ ഉത്തരവും പുറത്തിറക്കി. ഇതിനെതിരെയാണ് കോടതി രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ