എറണാകുളം: കേരള സർവകലാശാലയിലെ അസിസ്റ്റൻഡ് ഗ്രേഡ് നിയമനം ഹൈക്കോടതി ശരിവെച്ചു. നിയമനം റദ്ദാക്കണമെന്ന ലോകായുക്ത റിപ്പോർട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്.2007 ലാണ് കേരള സർവകലാശാലയിലെ അസിറ്റൻഡ് ഗ്രേഡ് നിയമനം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചത്. നിയമിച്ചവരെ സ്ഥിരപ്പെടുത്താനും എല്ലാവിധ ആനൂകൂല്യങ്ങളും കുടിശികയടക്കം രണ്ടു മാസത്തിനകം നൽകാനും കോടതി ഉത്തരവിട്ടു.

നിയമനങ്ങളിൽ ക്രമക്കേടോ സ്വജനപക്ഷപാതമോ കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.നിയമനം റദ്ദാക്കിയ ലോകായുക്ത നടപടി അനുചിതമായിപ്പോയി എന്നും കോടതി പറഞ്ഞു. അതേസമയം,അന്ന് തയ്യാറാക്കിയ പട്ടികയിൽനിന്നും പുതിയ നിയമനങ്ങൾ പാടില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം വി സി ഉള്‍പ്പടെ ഏഴു പേര്‍ക്കെതിരായ കേസ് തുടരാമെന്നും കോടതി പറഞ്ഞു. പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തിയ വിസി, പിവിസി എന്നിവർക്കെതിരായ നിയമ നടപടികൾ തുടരാമെന്നാണ് ഹൈക്കോടതി അറിയിച്ചത്.

പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടും മൂല്യനിർണയത്തിൽ സ്വജനപക്ഷപാതവും ആരോപിച്ച് ഉദ്യോഗാർഥികളിൽ ചിലർ ലോകായുക്തയ്ക്ക് നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്.ഇതേ തുടർന്നാണ് ലോകായുക്ത നിയമനം റദ്ദാക്കണമെന്ന് റിപ്പോർട്ട് നൽകിയത്. ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് നിയമനം ലഭിച്ച​ ഉദ്യോഗാർഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇന്ന് നിർണ്ണായക വിധി പുറപ്പെടുവിച്ചത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ