scorecardresearch
Latest News

തൊട്ടാൽ പൊള്ളുമെന്നു തോന്നുന്നതു വരെ ബസുകൾക്കു നേരെ കല്ലേറ് തുടരും: ഹൈക്കോടതി

ജനജീവിതത്തെ വെല്ലുവിളിക്കുകയും തടസപ്പെടുത്തുകയും ചെയ്യുന്ന അക്രമങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണമെന്നു കോടതി പറഞ്ഞു

തൊട്ടാൽ പൊള്ളുമെന്നു തോന്നുന്നതു വരെ ബസുകൾക്കു നേരെ കല്ലേറ് തുടരും: ഹൈക്കോടതി

കൊച്ചി: കെ എസ് ആർ ടി സിയെ തൊട്ടുകളിച്ചാൽ പൊള്ളുമെന്നു തോന്നുന്ന കാലം വരെ ബസുകൾക്കു നേരെ കല്ലേറ് തുടരുമെന്ന് ഹൈക്കോടതി. ഇന്നത്തെ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെ എസ് ആർ ടി സിയുടെ 70 ബസുകൾ തകർന്നതായും 45 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.

വിഷയത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ കോടതി ശരിയായ ചിന്തയുള്ളവർ ഇത്തരം അക്രമം നടത്തില്ലെന്നു പറഞ്ഞു. നാട്ടിൽ നിയമമുണ്ട്. നിയമത്തിൽ ഭയമില്ലാത്തവരാണ് അതിക്രമങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനെതിരെ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി സംസ്ഥാനത്ത് നടക്കുന്ന അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു സർക്കാരിനോട് നിർദേശിച്ചു.

ഉച്ചയ്ക്കു രണ്ടു വരെ 53 കേസുകൾ രജിസ്റ്റര്‍ ചെയ്തതായും. 127 പേരെ അറസ്റ്റ് ചെയ്തതായും സർക്കാർ അറിയിച്ചു. 229 പേരെ കരുതൽ തടങ്കലിലെടുത്തതായും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ത്താലിൽ പൊതുമുതലിനുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്നു ചോദിച്ച കോടതി, നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ എന്തു നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ആരാഞ്ഞു.

അസ്വീകാര്യമായ കാര്യങ്ങളാണ് രാവിലെ മുതല്‍ സംസ്ഥാനത്തുടനീളം സംഭവിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഹര്‍ത്താല്‍ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകണം. ജനജീവിതത്തെ വെല്ലുവിളിക്കുകയും തടസപ്പെടുത്തുകയും ചെയ്യുന്ന അക്രമങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണം. അക്രമം തടയുന്നതിനായി എല്ലാവിധ സംവിധാനങ്ങളും ഉപയോഗിക്കണമെന്നും കോടതി പറഞ്ഞു.

രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ ആദ്യ മണിക്കൂറുകളില്‍ സമാധനപരമായായിരുന്നു മുന്നോട്ടുപോയത്. എന്നാല്‍ പിന്നീട് സംസ്ഥനത്തുടനീളം ആക്രമണങ്ങള്‍ നടക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. പലയിടത്തും കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹര്‍ത്താലിന്റെ സാഹചര്യത്തില്‍ തമിഴ്നാ്ട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി.

ബസുകള്‍ക്കു നേരെ ആക്രമണമുണ്ടായതോടെ സുരക്ഷയില്ലാതെ നിരത്തിലിറങ്ങില്ലെന്ന നിലപാടാണ് കെഎസ്ആര്‍ടിസി സ്വീകരിച്ചത്. കൊച്ചിയില്‍ കല്ലേറിനെ പ്രതിരോധിക്കാന്‍ ഹെല്‍മറ്റ് ധരിച്ചായിരുന്നു ഡ്രൈവര്‍മാര്‍ ബസോടിച്ചത്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും ആക്രമണമുണ്ടായി. കൊല്ലത്ത് യാത്രക്കാരെ അസഭ്യം പറഞ്ഞ സമരക്കാരെ തടയുന്നതിനിടെയാണ് സംഭവം. പൊലീസുകാരനെ അക്രമികള്‍ ബൈക്കിടിച്ചു വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായാണ് വിവരം. മുഖം മറച്ച് ബൈക്കിലെത്തുന്ന സംഘങ്ങളാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

കോട്ടയം ഈരാറ്റുപേട്ടയില്‍ മാത്രം നൂറു പി എഫ് ഐ പ്രവർത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. രാവിലെ ഈരാറ്റുപേട്ടയില്‍ പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala high court took case against pfi hartal