കൊച്ചി: സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹീം, ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുടെ കത്തിന്റെ അടിസ്ഥാനത്തിലാണു ചീഫ് ജസ്റ്റിസ് എസ്.മണി കുമാര്‍ അധ്യക്ഷനായ ബഞ്ച് സ്വമേധയാ കേസെടുത്തത്.

സ്‌കൂളുകളിലെ ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത, അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷ കാര്യങ്ങളില്‍ അവബോധക്കുറവ്, ആശുപത്രിയില്‍ വെന്റിലേറ്റര്‍ അടക്കമുള്ള ആധുനിക ചികിത്സാ സൗകര്യങ്ങളുടെ കുറവ് എന്നിവ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ നവംബര്‍ 20നാണു ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിക്കു യഥാസമയം ചികിത്സ ലഭ്യമാക്കാത്തതാണു മരണകാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ പ്രധാനാധ്യാപകനെയും മറ്റൊരു അധ്യാപകനെയും ചികിത്സ നിഷേധിച്ച ഡോക്ടറെയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Read Also: ഷെഹ്‌ലയുടെ മരണം: പാമ്പുകയറിയ കെട്ടിടം പൊളിച്ചുപണിയും

മുന്‍കൂര്‍ ജാമ്യം തേടി അധ്യാപകരായ സി.വി.ഷജില്‍, കെ.കെ.മോഹനന്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ, ശാസ്ത്രീയ തെളിവുകളില്ലാതെ കേസ് എങ്ങനെ തെളിയിക്കുമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം നടന്നിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.

പൊതുജനാഭിപ്രായം കണക്കിലെടുക്കാനാവില്ലെന്നും ഉത്തരവ് വസ്തുതകളുടെ അടിസ്ഥാനത്തിലെ പുറപ്പെടുപ്പിക്കാനാകൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. വസ്തുതാപരമായ തെളിവുകളില്ലാതെ പ്രതികളുടെ കുറ്റകരമായ അനാസ്ഥ എങ്ങനെ കണ്ടെത്താനാവുമെന്നായിരുന്നു കോടതിയുടെ ചോദ്യം. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും മാത്രമാണുള്ളതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനോ ഉദ്ദേശിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം വേണ്ടെന്ന് പിതാവ് അറിയിച്ചിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ വകുപ്പുതല, ക്രിമിനല്‍ നടപടികള്‍ നടപടി വേണ്ടെന്നു വ്യക്തമാക്കി ബാലാവകാശ കമ്മിഷന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിക്കാന്‍ രക്ഷാകര്‍ത്താവ് വരുംവരെ കാത്തിരുന്ന അധ്യാപകരുടെ നടപടി ശരിയല്ലെന്നു വിലയിരുത്തിയ കമ്മിഷന്‍ കുട്ടികളുടെ ഭാവിയെ കരുതി ഈ വീഴ്ചയില്‍ നടപടി വേണ്ടതില്ലെന്നും വ്യക്തമാക്കി.

അതേസമയം, ചികിത്സ വൈകിപ്പിച്ച ഡോക്ടര്‍ക്കെതിരെ വകുപ്പുതല നടപടിക്കു ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഡോക്ടറുടെ നടപടി ഗുരുതര കൃത്യവിലോപവും കുറ്റകരവും വൈദ്യനൈതികതക്കു എതിരുമാണെന്നു കമ്മിഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ക്ലാസ് റൂമുകള്‍ പരിശോധിക്കാതെ ഫിറ്റ്‌നസ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.