കൊച്ചി: ഒന്‍പത് പേരുടെ മരണത്തിനിടയായ വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ടു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറും റോഡ് സേഫ്റ്റി കമ്മിഷണറും നേരിട്ട് നാളെ ഹാജരാകണമെന്ന് ഹൈക്കോടതി.ഇരുവരെയും കോടതി കേസില്‍ കക്ഷി ചേര്‍ക്കും.
റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച കേസിനൊപ്പമാണ് അപകടവും കോടതി പരിഗണിച്ചത്. നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനില്‍ ഹാജരാകണമെന്നു കോടതി നിർദേശിച്ചു. കേസ് നാളെ ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും.
അപകടത്തില്‍ കെ എസ് ആര്‍ ടി സിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അപകടം ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
അപകടം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ടശേഷമായിരുന്നു കോടതി തീരുമാനം.
ആരാണ് ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് കോടതി ചോദിച്ചു. ഫ്‌ളാഷ് ലൈറ്റുകളും നിരോധിതഹോണുകളും ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കോടതി വ്യക്തമാക്കി.
എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍നിന്ന് വിനോദയാത്രക്കായി പോയ വിദ്യാര്‍ഥികളുടെ ബസാണ് കെഎസ്ആര്‍ടിസി ബസിന്റെ പുറകിലിടിച്ച് അപകടത്തില്‍പ്പെട്ടത്. വടക്കഞ്ചേരിയില്‍ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം അര്‍ധരാത്രിയാണ് സംഭവം. അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരുമടക്കം ഇതുവരെ ഒന്‍പത് പേരാണ് മരിച്ചത്. നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
എല്‍ന ജോസ്, ക്രിസ്വിന്റ്, ദിയ രാജേഷ്, അഞ്ജന അജിത്ത്, ഇമ്മാനുവല്‍ എന്നിവരാണ് മരണപ്പെട്ട വിദ്യാര്‍ഥികള്‍. കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ്, കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ അനൂപ് ദീപു എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അധ്യാപകനായ വിഷ്ണുവാണ് മറ്റൊരാള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പൊലീസിന്റെ നിഗമനം. പരിക്കേറ്റ 38 പേരില്‍ 28 പേരുടെ നില ഗുരുതരമല്ല, പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് വിനോദയാത്ര സംഘം ഊട്ടിയിലേക്ക് തിരിച്ചത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകകര്‍ക്കും പുറമെ ബസിലെ രണ്ട് ജീവനക്കാരുമുണ്ടായിരുന്നു സംഘത്തില്‍. വിദ്യാര്‍ഥികളില്‍ 26 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലാണ് പഠിക്കുന്നത്. കെഎസ്ആര്‍ടിസി ബസില്‍ അന്‍പതിനടുത്ത് യാത്രക്കാരുണ്ടായിരുന്നതായാണ് നിഗമനം. മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചത്.