കൊച്ചി: യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെയാണ് കേസ്. ഇത് കോടതിയലക്ഷ്യമാണെന്ന് കേസില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേസ് രാവിലെ പത്തരയോടെ കോടതി പരിഗണിക്കും. രാത്രി ഫെയ്സ്ബുക്കിലൂടെയായിരുന്നു യൂത്ത് കോൺഗ്രസ് ഹർത്താല്‍ പ്രഖ്യാപിച്ചത്.

അതേസമയം, ഹര്‍ത്താലില്‍ കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ജാഥ അക്രമാസക്തമായി. പൊലീസ് ലാത്തിവീശി. കോഴിക്കോട് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. പലയിടത്തും വാഹനം തടയുകയും ബസിന് കല്ലെറിയുകയും ചെയ്തു. ഹര്‍ത്താലില്‍ കര്‍ശന സുരക്ഷ ഉറപ്പു വരുത്തണമെന്ന് ഡിജിപി നിർദേശം നല്‍കി. സാമാന്യ ജനജീവിതം ഉറപ്പു വരുത്തണമെന്നും അതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിർദേശം നല്‍കി.

അക്രമം നടത്തുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്താല്‍ നടപടി സ്വീകരിക്കും. പൊതുമുതല്‍ നശിപ്പിച്ചാല്‍ നഷ്ടപരിഹാര തുക ഈടാക്കുന്നതുമായിരിക്കും. ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക. കൂടാതെ ഹര്‍ത്താല്‍ ദിനത്തില്‍ തുറക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊലീസ് സംരക്ഷണം നൽകും. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.

സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി എടുക്കണമെന്ന് റേഞ്ച് ഐജിമാരോടും സോണല്‍ എഡിജിപിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തും.

ഞായറാഴ്ച രാത്രി എട്ടരയോടെ പെരിയക്കടുത്ത് കല്യോട്ട് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (19), ശരത് (23) എന്നിവരാണ് മരിച്ചത്. ശരത്തിനെ വിദഗ്‌ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ജീപ്പിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തിങ്കളാഴ്ച (ഫെബ്രുവരി 18) ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.