കൊച്ചി: കേരള പൊലീസിന്റെ രഹസ്യ ഡേറ്റ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് കൈമാറിയതു ഹൈക്കോടതി സ്റ്റേ ചെയ്തു. പാസ്പോര്‍ട്ട് അപേക്ഷാ പരിശോധനയ്ക്കുള്ള ആപ്പിന്റെ നിര്‍മാണത്തിനാണു ഡേറ്റ കൈമാറിയത്. സോഫ്റ്റ് വെയര്‍ വികസനത്തിനു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 35 ലക്ഷം അനുവദിച്ച ഡിജിപിയുടെ ഉത്തരവും ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ തടഞ്ഞു.
കോഴിക്കോട് ജില്ലയിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(യുഎല്‍സിസിഎസ്)ക്കാണുഡേറ്റ കൈമാറിയത്. ഹൈക്കോടതി അവശ്യപ്പെട്ടിട്ടു പോലും നല്‍കാനാകില്ലെന്നു നിലപാടെടുത്ത സിസിടിഎന്‍സില്‍(ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ്) നിന്നുള്ള വിവരങ്ങള്‍ എങ്ങനെയാണു സ്വകാര്യസ്ഥാപനത്തിനു കൊടുക്കാന്‍ കഴിയുകയെന്നു കോടതി ആരാഞ്ഞു. എന്നാല്‍ സോഫ്റ്റ്വെയര് സിസിടിഎന്‍എസുമായി ബന്ധിപ്പിക്കില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു.
കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല സമര്‍പ്പിച്ച ഹര്‍ജിയാണു ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ പരിഗണിച്ചത്. എതിര് സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി.
പൊലീസിന്റെ പക്കലുള്ള രഹസ്യവിവരങ്ങള്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിനു കൈമാറുന്നതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ക്രൈം വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറുന്നതു പൗരന്റെ സ്വകാര്യതയെ ബാധിക്കും. രഹസ്യസ്വഭാവമുളള ഡേറ്റ ബേസ് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിനു നല്കുന്നതു ദുരൂപദിഷ്ടമാണെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത സോഫ്റ്റ്വെയര് വികസനത്തിനു മാത്രമാണ് ഈരാളുങ്കലിന് അനുമതിയെന്നും ഡേറ്റ ശേഖരത്തില്‍ പ്രവേശം അനുവദിച്ചിട്ടില്ലന്നും സര്‍ക്കാര്‍ അറിയിച്ചു. സോഫ്റ്റ് വെയര്‍ വികസനവുമായി മുന്നോട്ടുപോകാമെന്നു കോടതി വ്യക്തമാക്കി.
Read also: സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് പൊലീസ് ഡേറ്റ സിപിഎം സൊസൈറ്റിക്ക്; വിവാദം
പൊലീസ് ഡേറ്റയില്‍ പ്രവേശിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ സൈബര്‍ കമ്പനിയായ ഊരാളുങ്കല്‍ ടെക്നോളജി സൊലൂഷന് (യുഎല്‍ടിഎസ്) അനുമതി നല്‍കിക്കൊണ്ട് ഒക്ടോബര്‍ 29നാണു ഡിജിപി ലോക്നാഥ് ബെഹ്റയുടെ വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. പൊലീസിന്‍െര്‍ മാസ്റ്റര്‍ ഡേറ്റയിലും ഫയര്‍വാളുമിലേക്കും ഊരാളുങ്കലിനു പ്രവേശനം അനുവദിക്കുന്നതാണു ഡിജിപിയുടെ ഉത്തരവെന്ന ആരോപണമുയര്ന്നിരുന്നിരുന്നു.
പാസ്പോര്‍ട്ട് പരിശോധനയ്ക്കുള്ള ആപ് നിര്‍മിക്കുന്നതു സംബന്ധിച്ച് കൊച്ചിയിലെ സാധ്യതാ പഠനത്തിനു 35 ലക്ഷം നല്കാന് ഡിജിപി ഉത്തരവിട്ടിരുന്നു. ഇതില്‍ 20 ലക്ഷം രൂപ ഉടന്‍ നല്കാന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കു ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ഡേറ്റ മുഴുവനായി യുഎല്‍ടിഎസിനു തുറന്നുകിട്ടുമെന്ന പ്രചാരണം തെറ്റാണെന്നായിരുന്നു യുഎല്‍സിസിഎസിന്റെ പ്രതികരണം.