ശശിതരൂർ 30 വർഷം മുമ്പ് എഴുതിയ നോവലിന്റെ പേരിൽ നൽകിയ മാനനഷ്ടക്കേസിലെ തുടർ നടപടികൾ കേരളാ ഹൈക്കോടതി തടഞ്ഞു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിലെ തുടർ നടപടി സ്റ്റേ ചെയ്താണ് ഹൈക്കോടതി ഇടക്കാല ഉത്തരവ്.
ശശിതരൂർ എഴുതി 1989ൽ പ്രസിദ്ധീകരിച്ച ആക്ഷേപഹാസ്യ നോവലായ ‘ദ് ഗ്രേറ്റ് ഇന്ത്യൻ നോവൽ’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട കേസിലെ തുടർ നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. ചരിത്രവും ആക്ഷേപ ഹാസ്യവും എല്ലാം ഇടകലർന്ന നോവൽ പ്രസിദ്ധീകരിച്ച സമയത്ത് ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.
നായർ സ്ത്രീകൾക്ക് മാനഹാനി ഉണ്ടാക്കുന്ന പരാമർശം ഉണ്ടെന്നാണ് സന്ധ്യ ശ്രീകുമാർ നൽകിയ പരാതിയിലെ ആരോപണം. പുസ്തകം പ്രസിദ്ധീകരിച്ച് 30 വർഷത്തിന് ശേഷം 2019ലാണ് തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിൽ പരാതി നൽകിയത്.
Read More: എന്തുകൊണ്ട് നമ്മൾ തോറ്റു? ഒരു കോൺഗ്രസ് അനുഭാവിയുടെ താത്വിക അവലോകനം
പരാതിക്കെതിരെ ശശി തരൂർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സ്റ്റേ. നോവലിന്റെ ഉദ്ദേശ്യവും ലക്ഷ്യവും അതിന്റെ ചരിത്രവും സന്ദർഭവും പരാതിക്കാരി തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഇങ്ങനെ കേസ് നൽകിയത്. അതിനാൽ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തരൂർ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി ജഡ്ജി ഗോപിനാഥ്. പി, അഡീഷണൽ സി ജെ എം കോടതിയിലെ നടപടികൾ സ്റ്റേ ചെയ്തു.
തരൂരിന്റെ നോവലിലെ ഒരു വാചകം നായർ സ്ത്രീകളുടെ ചാരിത്ര്യത്തെ കുറിച്ച് അനാവശ്യമായ അപവാദമാണെന്ന് പരാതിക്കാരി ആരോപിച്ചു. കേരളത്തിൽ നായർ സമുദായത്തിലെ പുരുഷന്മാർക്ക് അവരുടെ ഭാര്യമാരുടെ മുറിയുടെ വാതിലിന് മുന്നിൽ മറ്റൊരു ആളുടെ ചെരിപ്പ് ഇല്ലെങ്കിൽ മാത്രമേ മുറിക്കുള്ളിൽ പ്രവേശിക്കാൻ സ്വാതന്ത്ര്യമുണ്ടാവുകയുള്ളൂവെന്ന് എന്ന അർത്ഥം വരുന്ന വാചകമാണ് പരാതിക്ക് അടിസ്ഥാനം.
എന്നാൽ, എഴുത്തുകാരനായ താൻ നായർ സമുദായംഗമാണെന്നും തന്റൊ അമ്മയും രണ്ട് സഹോദരിമാരും നായർ സ്ത്രീകളാണെന്നും ശശിതരൂർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു. നായർ സമുദായത്തെ അപകീർത്തിപ്പെടുത്തുയെന്ന ലക്ഷ്യം തനിക്ക് ഇല്ലെന്നും തരൂർ നൽകിയ ഹർജിയിൽ പറയുന്നു.
Read More: ഗൗരിയമ്മയെ പാർട്ടിക്ക് പുറത്താക്കിയ അന്വേഷണത്തിന്റെ വഴികൾ
മാനനഷ്ടക്കേസ് നൽകാനുള്ള കാലാവധി കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് പരാതി നൽകിയതെന്നും ഹർജിയിൽ പറയുന്നു. 1989ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിനെതിരെ ക്രിമിനൽ നഷ്ടക്കേസ് കൊടുക്കാനുള്ള കാലവധി 1992ൽ കഴിഞ്ഞതായും ശശിതരൂർ ചൂണ്ടിക്കാട്ടി.
ക്രിമിനൽ നിയമ നടപടി ക്രമത്തിലെ 468 ആം വകുപ്പ് അനുസരിച്ച് മൂന്ന് വർഷത്തിനകം കേസ് ഫയൽ ചെയ്യണം. അതിന് ശേഷം നൽകുന്ന കേസുകൾ കാലാവധി കഴിഞ്ഞ് നൽകുന്നതിനാൽ കാലഹരണ ദോഷം ഉള്ളതിനാൽ കോടതി നിരസിക്കേണ്ടതാണ് എന്ന വാദമാണ് ശശിതരൂർ ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്.
ഈ വിഷയത്തിൽ കേരളത്തിലെ ചരിത്ര പശ്ചാത്തലത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു. തനിക്കെതിരായ ആരോപണവിധേയമായ പ്രസ്താവന എഴുത്തുകാരന്റെ ഭാവന മാത്രമല്ലെന്ന് ശശിതരൂർ ഹർജിയിൽ വിശദീകരിക്കുന്നു. നായർ സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യം എല്ലാവർക്കും അറിയാവുന്നതും ചരിത്ര ആഖ്യാനങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. സമകാലിക ചരിത്രകാരന്മാരും മധ്യകാല ചരിത്രകാരന്മരും ഉൾപ്പടെ വിവിധ ചരിത്രകാരന്മാർ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
Read More: വാഗ്ദത്ത ഭൂമിയില്‍ അശാന്തിയുടെ മിസൈലുകള്‍ പതിക്കുമ്പോള്‍
പ്രമുഖ ചരിത്രകാരനായ എ. ശ്രീധര മേനോൻ എഴുതിയ പ്രസിദ്ധമായ, ‘കേരള ചരിത്രം’ എന്ന പുസ്തകത്തിലും കെപി പത്മനാഭ മേനോൻ ‘കൊച്ചി രാജ്യ ചരിത്രം’ എന്ന പ്രശസ്തമായ ചരിത്ര ഗ്രന്ഥത്തിലും പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും കേരളത്തിലെ വിവിധ സമുദായങ്ങളുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് പറയുന്നുണ്ട്. ഇന്നത്തെ ഹിന്ദു നായർ സ്ത്രീ പഴയസാഹചര്യത്തിലെന്ന പോലെ, അയഞ്ഞ സാമൂഹിക വ്യവസ്ഥിതിയിൽ ഒരു ഉദാര ലൈംഗിക ജീവിതം നയിക്കുന്നുവെന്ന് നോവൽ വായിക്കുന്നവർക്ക് തോന്നുകയുമില്ലെന്നും തരൂർ നൽകിയ ഹർജിയിൽ പറയുന്നു.
പരാതി നൽകുന്ന വ്യക്തിയെ മാനഹാനിപ്പെടുത്തണെന്നുള്ള ഉദ്ദേശ്യത്തോടും അന്തസിന് കളങ്കമുണ്ടാക്കണമെന്നും ഉള്ള ഉത്തമ ലക്ഷ്യത്തോടെയും അല്ലാതെ കേവലം ഒരു ആരോപണം പ്രസിദ്ധീകരിക്കുന്നത് മാനനഷ്ടം വരുത്തുന്ന കുറ്റകൃത്യമായി കണക്കാക്കാനാവില്ല. ഇക്കാര്യം സുബ്രഹ്മണ്യം സ്വാമിയും ഇന്ത്യൻ യൂണിയനും തമ്മിലുള്ള കേസിൽ സുപ്രീം കോടതി വിധിയും ഹർജിക്കാൻ ഉദ്ധരിച്ചു.
നേരത്തെ എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവലിനെതിരെയും ഇതുപോലെ കേസുമായി ചിലർ പോയെങ്കിലും കോടതി അതെല്ലാം തള്ളികളഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ശശിതരൂരിന്റെ പുസ്തകത്തിനെതിരെ കേസുമായി പോകുന്നത്. ‘മീശ’യിലെ ഒരു വാചകത്തിൽ പിടിച്ചാണ് കേരളത്തിലെ ചില ഹിന്ദു സംഘടനകൾ പ്രശ്നം തുടങ്ങി വച്ചത്. നോവലിസ്റ്റ് ഹരീഷിനും കുടുംബത്തിനുമെതിരെ ഭീഷണിയും സൈബർ ആക്രമണവും നടന്നു. നോവൽ ഏതാനും ലക്കങ്ങൾ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ എതിർപ്പുയർന്നതിനെ തുടർന്ന് നോവൽ പ്രസിദ്ധീകരണം നിർത്തിവച്ചു. പിന്നീട് ഡി സി ബുക്സ് നോവൽ പുസ്തകമാക്കി. ഇതിനെതിരെയാണ് കോടതിയെ സമീപിച്ചത്. എന്നാൽ പരാതി നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി കോടതി തള്ളുകയായിരുന്നു.