കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്നും നീക്കാത്തത് എന്തുകൊണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സിന്റെ അമിത ഇടപെടല്‍ നടക്കുന്നുണ്ട്. നിലവിലെ ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ടുപോകും?. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

ഇപി ജയരാജനെതിരായ ബന്ധുനിയമന കേസിലും , ശങ്കര്‍ റെഡ്ഡിക്ക് എതിരായ കേസിലും വിജിലൻസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു. തോന്നുംപടിയാവരുത് വിജിലന്‍സിന്റെ പ്രവര്‍ത്തനം, അഴിമതി കേസുകളില്‍ വിജിലന്‍സിന് മാത്രമാണോ അന്വേഷണാധികാരമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. വിജിലന്‍സിന്റെ പ്രവര്‍ത്തനം വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കണം എന്നും ഹൈക്കോടതി പറഞ്ഞിരുന്നു. വിലിജൻസിന് കളളപരാതികൾ തിരിച്ചറിയാനാവണം . വിജിലൻസ് കേരള പൊലീസിന്റെ ഭാഗം മാത്രമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. എഡിജിപിയായിരുന്ന ശങ്കർ റെഡ്ഡിയുടെ സ്ഥാനക്കയറ്റം ചോദ്യം ചെയ്തുകൊണ്ടുളള ഹർജിയിലാണ് കോടതി പരാമർശം. കളളപ്പരാതികൾ തിരിച്ചറിയാനുളള സംവിധാനം വിജിലൻസിനില്ലേ എന്ന് ചോദിച്ച കോടതി . കളളപ്പരാതികൾ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് ഇത്തരമൊരു സംവിധാനമെന്നും കോടതി ചോദിച്ചിരുന്നു.

അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം വിജിലൻസ് പരിശോധിച്ചാൽ മതിയെന്നും അധികാര പരിധി വിട്ടാൽ ഇടപെടേണ്ടി വരുമെന്നും കോടതി അറിയിച്ചിരുന്നു . ഇ.പി.ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമനക്കേസിൽ ഹൈക്കോടതിയുടെ നീരീക്ഷണം ഇങ്ങനെയായിരുന്നു. വിജിലൻസിനു രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്നു ഹൈക്കോടതി പരാമർശിച്ചിരുന്നു. കെ.എം.മാണിയുൾപ്പെട്ട ബാർകോഴക്കേസിൽ മുൻ സർക്കാരിന്റെ കാലത്ത്, തുടരന്വേഷണം ആവശ്യമില്ലെന്നും ഇപ്പോൾ തുടരന്വേഷണം വേണമെന്നുമുള്ള വിജിലൻസിന്റെ വ്യത്യസ്ത നിലപാടുകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലായിരുന്നു വിമർശനം.

അനധികൃത സ്വത്ത് സംബന്ധിച്ച് ആരോപണം ഉയരുന്ന സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടറെ മാറ്റില്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ