കൊച്ചി: സിൽവർ ലൈൻ സർവേയ്ക്ക് ജിയോ ടാഗ് നേരത്തെ ആകാമായിരുന്നില്ലേയെന്ന് സർക്കാരിനോട് ഹൈക്കോടതി. എങ്കിൽ ഇത്രയും കോലാഹലത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലല്ലോ എന്നും കോടതി അഭിപ്രായപ്പെട്ടു. സിൽവർ ലൈൻ കല്ലിടൽ ചോദ്യം ചെയ്തുളള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ പരാമർശം.
സാമൂഹിക ആഘാത പഠനത്തിനായി സർക്കാർ ഇത്രയും കാലോഹലം ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നില്ല. കൊണ്ടുവന്ന സർവേക്കല്ലുകൾ എവിടെയെന്ന് കെ റെയിലിനോട് കോടതി ആരാഞ്ഞു. കെ റെയിലിനായി കല്ലിടുന്നത് മരവിപ്പിച്ചെന്നും ജിയോ ടാഗ് വഴിയെന്നാണ് സർവേയെന്നും സർക്കാർ അറിയിച്ചു.
സാമുഹികാഘാത പഠനത്തിന്റെ മറവിൽ വലിയ കല്ലിടുന്നത് എന്തിനെന്ന് സർക്കാർ മറുപടി പറഞ്ഞിട്ടില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. എന്തുമാകാമെന്ന നിലപാട് ബ്യൂറോക്രസിയുടേതാണ്. വികസനത്തിന്റെന പേരിൽ കേരളത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനാണ്. ഇത് ആശങ്കപ്പെടുത്തുന്നതാണ്.
കൊച്ചി മെട്രോ ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയതുകൊണ്ട് സ്ഥലമേറ്റെടുപ്പിന് പ്രശ്നങ്ങൾ ഉണ്ടായില്ല, സിൽവർ ലൈനും ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. സംസ്ഥാനത്തെ ഈ ബഹളങ്ങളാണ് പദ്ധതി സംബന്ധിച്ച കേന്ദ്ര നിലപാടിനേയും സ്വാധീനിച്ചതെന്ന് വേണം കരുതാൻ. തുടക്കത്തിൽ കേന്ദ്ര സർക്കാർ അനുകൂല നിലപാടായിരുന്നു.
കല്ലിടലിനു പകരം ഒരു പേപ്പർ വെച്ച് സർവേ നടത്തിയിരുന്നെങ്കിൽ ഇത്രയും ബഹളങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും കോടതി പറഞ്ഞു. ജിയോ ടാഗ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് സർക്കാർ ഹാജരാക്കി. രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. കേസ് പിന്നീട് പരിഗണിക്കും.
Also Read: ബലാത്സംഗക്കേസ്: വിജയ് ബാബു 30 ന് എത്തുമെന്ന് പ്രതിഭാഗം കോടതിയില്‍