കൊച്ചി: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സംവരണം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. പത്ത് ശതമാനം സംവരണം ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഫയലിൽ സ്വീകരിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസയച്ചു.
മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തീകമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. നജീം ആണ് കോടതിയെ സമീപിച്ചത്. സാമ്പത്തീക സംവരണത്തിന്
ഭരണഘടനയിൽ വ്യവസ്ഥയില്ലന്നും സർക്കാർ സർവീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയ സംവരണം
നിയമവിരുദ്ധമാണന്നുമാണ് ഹർജിയിലെ ആരോപണം.
പൊതു വിഭാഗത്തിൽ സാമ്പത്തീകമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടത്ര പoനം നടത്താതെയാണ്
ഉത്തരവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കാന്‍ ഒക്ടോബർ 22നാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. 2019 ജനുവരിയില്‍ പാര്‍ലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിയുടെ ചുവട് പിടിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. മുന്നോക്ക വിഭാഗങ്ങളിലെ മറ്റു സംവരണങ്ങള്‍ അര്‍ഹതയില്ലാത്ത, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സര്‍ക്കാര്‍ ജോലിയ്ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പ്രഫഷനല്‍ കോളജുകള്‍ എന്നിവിടങ്ങളിലെ പ്രവേശനം, ദേവസ്വം ബോര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ എന്നിവയില്‍ സാമ്പത്തിക സംവരണം നേരത്തെ നടപ്പാക്കിയിരുന്നു.