കൊച്ചി: ഷോപ്പിംഗ് മാളുകളിൽ നടക്കുന്ന പാർക്കിംഗ് ഫീസ് പിരിവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിൻ്റെ നിലപാട് തേടി. കൊച്ചിയിലെ ഒരു മാളിൽ നിയമ വിരുദ്ധമായി പാർക്കിംഗ് ഫീസ് പിരിക്കുന്നുണ്ടന്നും മുനിസിപ്പൽ അധികൃതർക്കും പൊലീസിനും പരാതി നൽകിയിട്ടും നടപടിയില്ലന്നും ചൂണ്ടിക്കാട്ടി തൃക്കാക്കര സ്വദേശി ബോസ്കോ ലൂയിസാണ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ മാസം 18 ന് മാൾ സന്ദർശിച്ച ഹർജിക്കാരനോട് 20 രൂപ ഫീസ് ആവശ്യപ്പെട്ടെന്നും തർക്കമുണ്ടായതിനെ തുടർന്ന് ഫീസ് ഒഴിവാക്കിയെന്നും ഹർജിയിൽ പറയുന്നു. മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് വാണിജ്യ സ്ഥപനങ്ങൾ പാർക്കിംഗ് ഫീസ് വാങ്ങരുതെന്ന് തൃശൂർ മേയർ പ്രസ്താവന ഇറക്കിയെന്നും ഹർജിയിൽ വ്യക്തമാക്കി.
22 ന് വീണ്ടും മാൾ സന്ദർശിച്ചെന്നും 20 രൂപ ഫീസ് വാങ്ങിയെന്നും ഇക്കാര്യത്തിൽ മാളിനെതിരെ നിരവധി പരാതികൾ ഉണ്ടന്നും ഹർജിയിൽ ബോധിപ്പിച്ചു. കേസിൽ കോടതിയെ സഹായിക്കുന്നതിന് അമിക്കസ് ക്യൂറിയെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
Also Read: ജോജുവിനെതിരെ പ്രതിഷേധം തുടർന്ന് കോൺഗ്രസ്; കാർ തകർത്ത കേസിൽ രണ്ട് പ്രതികൾ കൂടി കീഴടങ്ങി