കൊച്ചി: വിജിലൻസ് രൂപീകരണം നിയമപരമല്ലെന്ന ഹർജി ഹൈക്കോടതി തള്ളി. അഴിമതിക്കേസുകൾ അന്വേഷിക്കാൻ വിജിലൻസിന് അധികാരമുണ്ടന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അഴിമതിക്കേസിൽ പ്രതികളായ രണ്ട് വില്ലേജ് ഓഫീസർമാർ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് എ.ഹരിപ്രസാദ് അധ്യക്ഷനായ ബഞ്ച് തള്ളിയത്.

പ്രത്യേക നിയമനിർമാണത്തിലൂടെ അല്ല വിജിലൻസിന്റെ രൂപീകരണമെന്നും അതുകൊണ്ട് തന്നെ നിയമസാധുതയില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. പൊലീസ് വകുപ്പിന് കീഴിൽ പ്രത്യേക ഉത്തരവിലൂടെയാണ് വിജിലൻസ് രൂപീകരിച്ചതെന്നും പൊലിസ് ആക്ട് ഭേദഗതി ചെയ്തിട്ടില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

എന്നാൽ നിയമസഭ പാസാക്കിയ നിയമകാരമാണ് പൊലീസ് ആക്ട് നിലവിൽ വന്നതെന്നും അതു പ്രകാരം നിയമിതരാവുന്ന ഉദ്യോഗസ്ഥരാണ് വിജിലൻസിന്റെ ഭാഗമായി പ്രവർത്തിക്കുന്നതെന്നും ഇവർക്ക് അന്വേഷണം നടത്താനും കേസെടുക്കാനും കുറ്റപത്രം നൽകാനും അധികാരമുണ്ടന്ന് കോടതി വ്യക്തമാക്കി.

വിജിലൻസ് കേസുകൾ കൈകാര്യം ചെയ്യുന്നതിന് സർക്കാർ വ്യക്തമായ നയം രൂപീകരിക്കണമെന്ന് കോടതി നിർദേശിച്ചു. എല്ലാ പൊതുപ്രവർത്തകരെയും വേർതിരിവില്ലാതെ കാണണം. പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം പാടില്ല.

അഴിമതി നിരോധന നിയമപ്രകാരം കേസുകൾ തിരഞ്ഞുപിടിച്ച് വിജിലൻസ് കോടതിക്ക് അയക്കുന്ന രീതി പാടില്ല. അച്ചടക്ക നടപടിക്ക് വേണ്ടി വിജിലൻസ്ട്രിബ്യൂണലിന് അയക്കുമ്പോൾ കാര്യകാരണസഹിതം വിശദമായ ഉത്തരവ് വേണമെന്നും കോടതി നിർദ്ദേശിച്ചു.

പാറശാല സ്വദേശി കരുണാനിധി, മോഹനൻ എന്നീ ഉദ്യോഗസ്ഥരാണ് നിയമപരമായി സാധുതയില്ലാത്ത വിജിലൻസ് എടുത്ത കേസുകൾ നിലനിൽക്കില്ലന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.