കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതി സിപിഎം പ്രാദേശിക നേതാവ് പീതാംബരൻ അടക്കം പതിമൂന്ന് പ്രതികളുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. പ്രതികൾ ജാമ്യത്തിന് അർഹരല്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ കേസ് സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് കുറ്റപത്രം റദ്ദാക്കിയിരുന്നു.

കുറ്റപത്രം റദ്ദാക്കിയ സാഹചര്യത്തിൽ കേസ് നിലവിലില്ലെന്നും പ്രതികൾ അന്യായ തടങ്കലിലാണന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം തേടിയത്. എട്ടാം പ്രതി സുബീഷ് ജാമ്യാപേക്ഷ നൽകിയിരുന്നില്ല. അതേസമയം സിബിഐ അന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റിയിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ഗുഢാലോചന നടത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

Read Also:പെരിയ ഇരട്ടക്കൊലക്കേസ്: കൊല്ലപ്പെട്ടവരുടെ ദേഹത്തുകണ്ട ആഴത്തിലുള്ള മുറിവ് പരിഭാഷയിലുണ്ടായ പിഴവെന്ന് പ്രോസിക്യൂഷന്‍

കഴിഞ്ഞ ഫെബ്രുവരി 17 നാണ് കല്യോട്ടെ  കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികൾ എല്ലാവരും സിപിഎം പ്രവർത്തകരാണ്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ 14 പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്.

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷണിക്കണമെന്ന മാതാപിതാക്കളുടെ അപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചിരുന്നു. കേസിൽ പൊലീസ് തയാറാക്കിയ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐയെ അന്വേഷണച്ചുമതല ഏൽപിച്ചുകൊണ്ടുള്ള ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ്.

Read Also: കവിയൂർ കേസ്: സിബിഐയുടെ നാലാമത്തെ റിപ്പോർട്ടും തളളി, തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്

കേസ് സിബിഐക്ക് വിട്ടതിനെതിരായ കേസിൽ സർക്കാർ നേരത്തെ അഭിഭാഷകനെ മാറ്റിയിരുന്നു. സിംഗിൾ ബഞ്ചുത്തരവിനെതിരെ സ്റ്റേ ലഭിക്കാത്തതിനാലാണ് സർക്കാർ അഭിഭാഷകനെ മാറ്റിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.