കൊച്ചി: എൻജിനീയറിങ് പ്രവേശനത്തിന് പ്ലസ് ടു മാർക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. സിബിഎസ്ഇ – ഐസിഎസ്ഇ ഇംപ്രൂവ്മെൻറുകാർക്ക് മാർക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യുന്നതിന് സമയം നീട്ടി നൽകാൻ കോടതി നിർദേശിച്ചു.
പ്രൊഫഷ്ണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് മാർക്ക് മാത്രമേ പരിഗണിക്കാവൂവെന്നും ഹയർ സെക്കൻഡറി മാർക്കു കൂടി കണക്കിലെടുക്കരുതെന്നും ചൂണ്ടിക്കാട്ടി ഏതാനും വിദ്യാർത്ഥികളും സിബിഎസ്ഇ മാനേജ്മെൻ്റ് അസോസിയേഷനും മറ്റും സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്.
പരീക്ഷാ ഫലം വന്ന് രണ്ട് ദിവസം കൂടി സമയം നൽകണമെന്ന് ഹൈക്കോടതി എഐസിടിക്ക് നിർദേശം നൽകി. പ്രവേശനം പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നതിൽ എഐസിടി സമയം അനുവദിച്ചിട്ടില്ല. ഒക്ടോബർ 25 നകം പ്രവേശനം പൂർത്തിയാക്കണമെന്ന് സൂപ്രീം കോടതി നിർദേശമുണ്ടന്നും എഐസിടി കോടതിയെ അറിയിച്ചു.
Read More: പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താമെന്ന് സുപ്രീം കോടതി; ഹര്‍ജി തള്ളി
പ്രവേശനത്തിന് 17 വരെ മാർക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യാൻ വിദ്യാർത്ഥികൾക്ക് സമയം നൽകിയിട്ടുണ്ടെന്നും സിബിഎസ്‌സി -ഐസിഎസ്ഇ വിദ്യാർത്ഥികളുടെ ഇംപ്രൂവ്മെൻറ് പരീക്ഷാ ഫലം ഈ മാസം മുപ്പതോടെയേ പ്രസിദ്ധീകരിക്കൂവെന്നും എഐസിടി അനുവദിച്ചാൽ പ്രവേശന സമയം നീട്ടാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കഴിഞ്ഞ തവണ ഡിസംബർ മുപ്പത്തൊന്നായിരുന്നു സമയപരിധിയെന്നും സർക്കാർ വ്യക്തമാക്കി.
ഹയർ സെക്കൻഡറി പരീക്ഷയിൽ സംസ്ഥാന സിലബസ് വിദ്യാർത്ഥികൾക്ക് ഉയർന്ന മാർക്ക് നൽകിയിരിക്കുകയാണെന്നും ഇത് തങ്ങളുടെ പ്രവേശനത്തെ ബാധിക്കുമെന്നുമാണ് ഹർജിക്കാരുടെ ആരോപണം.