കൊച്ചി: പത്തനംതിട്ട റാന്നി സ്വദേശി പരാതിക്കാരനായ ജാതിപ്പേര് വിളിച്ചെന്ന കേസില്‍ അസാധാരണ നടപടിയുമായി ഹൈക്കോടതി. കേസില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് കോടതി തിരിച്ചു വിളിച്ചു. വാദിയുടെ പക്ഷം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ചപറ്റിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി.
നോട്ടിസ് ലഭിച്ചിട്ടും പരാതിക്കാരന്‍ ഹാജരായില്ല എന്നായിരുന്നു പ്രതിഭാഗം കോടതിയെ ധരിപ്പിച്ചത്. അനുകൂല വിധി വാങ്ങി നൽകാമെന്ന് കക്ഷികളെ തെറ്റിധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാൻ അടക്കം മൂന്ന് ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അന്വേഷണം നേരിടുന്ന അഭിഭാഷകന്‍ സൈബി ജോസാണ് കേസില്‍ പ്രതികള്‍ക്കായി ഹാജരായിരുന്നത്.
കൈക്കൂലി കേസില്‍ സൈബി അന്വേഷണം നേരിടുന്നതിനിടെയാണ് ഹൈക്കോടതിയുടെ നടപടി വരുന്നച്. 2022 ഏപ്രിൽ 29-ലെ ഉത്തരവാണ് കോടതി ഇപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ കേസിൽ സൈബി 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റാന്നി സ്വദേശി പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ജാതിപ്പേര് വിളിച്ചെന്ന കേസിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരമാണ് റാന്നി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പ്രതികളുടെ ജാമ്യഹർജിക്ക് പിന്നാലെ വാദി ഭാഗത്തിന് നോട്ടിസ് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ കേസ് കോടതി പരിഗണിച്ചപ്പോൾ പരാതിക്കാരന്റെ വാദത്തിനായി അഭിഭാഷകർ ഉണ്ടായിരുന്നില്ല. കോടതി ചോദിച്ചപ്പോൾ നോട്ടിസ് നൽകിയിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. പരാതിക്കാരന്റെ പക്ഷം കേൾക്കാതെ പ്രതികൾക്കു ജാമ്യം നൽകിയത് സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും വിലയിരുത്തിക്കൊണ്ടാണ് ഇപ്പോഴത്തെ നടപടി.