തിരുവനന്തപുരം: സർക്കാരിനെയും വിജിലൻസിനെയും ഒരുപോലെ പ്രതിരോധത്തിലാക്കുകയാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. കഴിഞ്ഞ മൂന്നു ദിവസമായി തുടർച്ചയായി കോടതിയുടെ വിമർശനങ്ങൾക്കു വിധേയമാവുകയാണ് വിജിലൻസ്. വിവിധ കേസുകളിൽ കോടതി നടത്തിയ നിരീക്ഷണങ്ങൾ സർക്കാരിനും വിജിലൻസിനും തിരിച്ചടിയാകുകയാണ് പല കേസുകളിലും. നിയമസഭ സമ്മേളിക്കുന്ന സമയത്തു തന്നെയാണ് തുടർച്ചയായ മൂന്നു ദിവസവും കോടതിയുടെ വിമർശനത്തിന് വിധേയമായത് എന്നത് സഭയ്ക്കുളളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കും.

മുൻ സർക്കാരിന്റെ കാലത്ത് വിജിലൻസ് ഡിജിപിയായി എൻ.ശങ്കർ റെഡ്ഢിയെ നിയമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഹൈക്കോടതിയിൽ നിന്നുമുളള വിമർശനം. ആ നിയമനത്തിന്റെ പേരിലുളള നടപടികളുമായി ബന്ധപ്പെട്ട് കേരളത്തിൽ വിജിലൻസ് രാജാണോ എന്നായിരുന്നു കോടതി ചോദിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ശങ്കർ റെഡ്ഢിയുടെ നിയമനം നടന്നത്. ആ നിയമനം സംബന്ധിച്ച സർക്കാർ നടപടി ചട്ടവിരുദ്ധമാണെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. ഇതിനെതിരായി അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചിരുന്നു. ആ കേസിലാണ് മന്ത്രി സഭാ തീരുമാനം പോലും ചോദ്യം ചെയ്യുന്ന വിജിലൻസ് രാജാണോ എന്ന ചോദ്യം കോടതി ഉയർത്തിയത്.

ഈ വിവാദത്തിന്റെ അലകളൊടുങ്ങുന്നതിന് മുമ്പ് തൊട്ടടുത്ത ദിവസം വീണ്ടും കോടതിയുടെ വിമർശനം വിജിലൻസിന് ഏറ്റുവാങ്ങേണ്ടി വന്നു. ഇത് ബാർകോഴ കേസിലായിരുന്നു. കോടതിയെ വിജലിൻസ് രാഷ്ട്രീയത്തിനായുള്ള വേദിയാക്കരുതെന്നായിരുന്നു വിമർശനം. കെ.എം.മാണി പ്രതിയായ ബാർ കോഴ കേസിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടിയിൽ നിന്നും വ്യത്യസ്തമായ സമീപനം സ്വീകരിച്ചതാണ് വിജിലൻസിനെ കുറിച്ചുളള വിമർശനത്തിന് വഴിയൊരുക്കിയത്.

മന്ത്രിമാരുടെയോ മന്ത്രിസഭയുടെയോ തീരുമാനങ്ങളിൽ അഴിമതിയോ കുറ്റകരമായ ഇടപെടലുകളോ ഉണ്ടെങ്കിൽ മാത്രം ഇടപെട്ടാൽ മതിയെന്നാണ് കോടതിയുടെ നിരീക്ഷണം. ഇ.പി.ജയരാജൻ മന്ത്രിയായിരിക്കെ നടന്ന ബന്ധുനിയമനം സംബന്ധിച്ച കേസിലാണ് കോടതി ഈ പരാമർശം നടത്തിയത്. സർക്കാരിന്റെയും മന്ത്രിമാരുടെയും നിർദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ് വകുപ്പുതല സെക്രട്ടറിമാർ. അങ്ങനെയെങ്കിൽ തീരുമാനം നടപ്പിലാക്കിയ ഉദ്യോഗസ്ഥർ എങ്ങനെ പ്രതികളാവുമെന്നും ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് വിജിലൻസ് സമർപ്പിക്കണമെന്നും കോടതി അറിയിച്ചു.

വിജിലൻസ് രാജാണോ കേരളത്തിലെന്ന് കോടതി ചോദ്യമുന്നയിച്ച ശേഷം വിജിലൻസിൽ വലിയ പരാതികളൊന്നും സ്വീകരിക്കില്ലെന്ന അറിയിപ്പ് നോട്ടീസ് ബോർഡിൽ പതിച്ചു. വിവാദമായതോടെ ഈ​ അറിയിപ്പ് ബോർഡിൽ നിന്നു മാറ്റിയെങ്കിലും പരാതികൾ സ്വീകരിച്ചില്ല. ഇത് പുതിയ വിവാദങ്ങൾക്ക കഴിഞ്ഞ ദിവസം വഴി തുറന്നതിന് തൊട്ടുപിന്നാലെയാണ് കോടതിയുടെ വിമർശനം ഇന്ന് വിജിലൻസ് വീണ്ടും ഏറ്റുവാങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.