കൊച്ചി: സർക്കാർ സർവീസിൽ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ വിലക്കി ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. മൂന്നാഴ്ചയ്ക്കുള്ളിൽ ഉത്തരവ് നടപ്പാക്കാനും വിവിധ വകുപ്പ് മേധാവിമാർക്കും കമ്പനികൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും കോർപറേഷനുകൾക്കും ഐഎച്ച്ആർഡി അടക്കമുള്ള സ്ഥാപനങ്ങൾക്കും നിർദേശം നൽകാനും കോടതി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.
താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ നിയമവിരുദ്ധമാണന്ന സുപ്രീം കോടതിയുടെ ഉത്തരവ് രാജ്യത്തെ നിയമമാണെന്നും ഇതിനു വിരുദ്ധമായ നടപടികൾ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഐഎച്ച്ആർഡിക്ക് കീഴിലുള്ള തിരുവനന്തപുരത്തെ എഞ്ചിനീയറിങ് കോളേജിലെ രണ്ട് താൽക്കാലിക ജീവനക്കാർ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപ്പീലാണ് കോടതി പരിഗണിച്ചത്. ഹർജിക്കാരുടെ ആവശ്യം സിംഗിൾ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീലാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും പി.ഗോപിനാഥുമടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.
Read Also: അമിത് ഷാ വർഗീയതയുടെ ആൾരൂപം, കേരളത്തെ അപമാനിച്ചു: പിണറായി വിജയൻ
ചീഫ് സെക്രട്ടറിയെ കോടതി കേസിൽ സ്വമേധയാ കക്ഷി ചേർത്തു. ഉത്തരവിന്റെ പകർപ്പ് സർക്കാറുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപങ്ങൾക്കം അയക്കാനും കോടതി നിർദേശിച്ചു. ഫെബ്രുവരി 22നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥിരപ്പെടുത്തൽ ചോദ്യം ചെയ്ത് ഇതിനു ശേഷം വന്ന ഹർജികൾ വിവിധ ബഞ്ചുകളുടെ പരിഗണനയിലുണ്ട്.