കൊച്ചി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വച്ച് ഡോ. എം.എ.ഖാദര്‍ ചെയര്‍മാനായുള്ള കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതിയുടെ സ്റ്റേ. അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹർജിയിലാണ് നടപടി.
റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സ്റ്റേ ചെയ്യുന്നുവെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഹർജികളില്‍ വിശദമായ വാദം പിന്നീട് നടക്കുമെന്നും കോടതി പറഞ്ഞു. വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പരിഷ്‌കാരം നടപ്പാക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍ കമ്മിറ്റിയുടെ ഏതാനും ശുപാര്‍ശകള്‍ നടപ്പാക്കി തുടങ്ങിയിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനോടകം തന്നെ ഏകീകരണം നടപ്പാക്കുകയും ഒരു പൊതുവിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ വിദ്യാർഥി സംഘടനകളടക്കം രംഗത്തെത്തിയിരുന്നു. പ്ലസ് ടു വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് പഠനം നടത്താന്‍ രൂപീകരിച്ചതാണ് ഖാദര്‍ കമ്മിറ്റി. ഡോ. എം.എ.ഖാദര്‍ ആണ് ചെയര്‍മാന്‍.
ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയുമുള്ള സ്‌കൂളുകളില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിനു ഭരണച്ചുമതല, ഹെഡ്മാസ്റ്ററിന് വൈസ് പ്രിന്‍സിപ്പലിന്റെ ചുമതല, പൊതുവിദ്യാഭ്യാസം, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ ഏകോപിപ്പിച്ചു പൊതുവിദ്യാഭ്യസ ഡയറക്ടറേറ്റ് (ജിഇഡി) രൂപീകരിക്കുക, മൂന്നു വിഭാഗത്തിനും ഒരു പരീക്ഷാ കമ്മിഷണറേറ്റ് എന്നിവയായിരുന്നു കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങള്‍.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഡിജിഇയുടെ കീഴില്‍ കൊണ്ടു വരിക, സ്‌കൂള്‍ വിദ്യാഭ്യാസമേഖലയിലെ ഡപ്യൂട്ടി ഡയറക്ടര്‍, എഇഒ ഓഫിസ് എന്നിവ നിലനിര്‍ത്തുക എന്നീ നിർദേശങ്ങളും കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ശക്തമായ എതിര്‍പ്പിനിടെയായിരുന്നു ഖാദര്‍ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.