തൊടുപുഴ: തുടര്‍ച്ചയായ പാറ വീഴ്ചയെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ച മൂന്നാറിലെ പളളിവാസലില്‍ സ്ഥിതിചെയ്യുന്ന പ്ലം ജൂഡി റിസോര്‍ട്ട് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. റിസോര്‍ട്ടിനു സമീപത്തു നിന്നു തുടര്‍ച്ചയായി പാറകള്‍ അടര്‍ന്നു വീഴുന്നത് അപകട ഭീഷണി സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ പ്ലം ജൂഡി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.
Read More: അപകട ഭീഷണി: മൂന്നാറിൽ രണ്ടു റിസോർട്ടുകൾ പ്രവർത്തനം നിർത്തണമെന്ന് കലക്‌ടർ
റിസോര്‍ട്ട് അടച്ചുപൂട്ടണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഉടമകള്‍ ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച അപ്പീലിലാണ് വിധി. കര്‍ണാടകയിലെ സൂരത്കല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നുള്ള വിദഗ്‌ധർ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതി റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം വീണ്ടും തുടരാന്‍ അനുമതി നല്‍കിയത്. ഇതോടൊപ്പം മറ്റു ചില മാര്‍ഗ നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
Read More :അപകട ഭീഷണിമൂലം പൂട്ടിയ റിസോർട്ട് തുറക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സമരം, പിന്തുണയുമായി ഭരണകക്ഷി എം എൽഎ
എന്‍ഐടി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇടുക്കി ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാനുമായ ജി ആര്‍ ഗോകുലിനു സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടു പരിശോധിച്ച ശേഷം കളക്ടര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും പാലിച്ചുമാത്രമായിരിക്കണം റിസോര്‍ട്ടിന്റെ പ്രവര്‍ത്തനമെന്നും കോടതി ഉത്തരവിട്ടു. റിസോര്‍ട്ടിനു സമീപം ഏതു സമയത്തും അപടകരമായ തരത്തില്‍ നിരവധി പാറകളുണ്ടെന്നും ഇവ ഭീഷണിയാണെന്നും മുന്‍പ് പഠനം നടത്തിയ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ റിസോര്‍ട്ടിനു സമീപുള്ള പാറക്കൂട്ടങ്ങള്‍ അപകടകാരിയാണെന്ന് പറയാനാവില്ലെന്നാണ് എന്‍ഐ.ടിയിലെ വിദഗ്‌ധരുടെ പഠനത്തില്‍ പറയുന്നത്.
റിസോര്‍ട്ടിലേയ്ക്കു പാറ അടര്‍ന്നുവീഴുന്നതടക്കമുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ കോണ്‍ക്രീറ്റിംഗ് ഉള്‍പ്പെടയുള്ള നടപടികളിലൂടെ പരിഹരിച്ചതായി എന്‍ഐടിയിലെ മൈനിങ് എന്‍ജിനിയറിംഗ് വിഭാഗം പ്രൊഫസര്‍മാരായ ഡോ. വി. ആര്‍ ശാസ്ത്രി, ഡോ കെ. റാംചന്ദന്‍ എന്നിവര്‍ റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 13-നാണ് പ്ലം ജൂഡി റിസോര്‍ട്ടിനു സമീപത്തേയ്ക്ക് ആദ്യം പാറയിടിഞ്ഞു വീണത്. പാറ വീഴ്ചയില്‍ സഞ്ചാരികളുമായെത്തിയ വാഹനങ്ങള്‍ തകര്‍ന്നിരുന്നു. തുടര്‍ന്നു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ പ്രദേശത്ത് ഇടിഞ്ഞു വീഴാന്‍ സാധ്യതയുള്ള നിരവധി പാറകളുണ്ടെന്നും കേബിള്‍ ആങ്കറിംഗ് ഉള്‍പ്പടെയുള്ള നടപടികള്‍ വേണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
ഓഗസ്റ്റ് അഞ്ചിനു കനത്ത മഴയെത്തുടര്‍ന്ന് പാറയിടിഞ്ഞു വീണതിനെത്തുടര്‍ന്നാണ് ഓഗസ്റ്റ് എട്ടിനു ജില്ലാ കലക്ടര്‍ റിസോര്‍ട്ട് പൂട്ടാന്‍ നോട്ടീസ് നല്‍കിയത്. ഇതിനെതിരെ റിസോര്‍ട്ട് അധികൃതര്‍ നല്‍കിയ ഹർജി സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് ഉടമകള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ഇതിനിടെ റിസോര്‍ട്ടു തുറക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി പ്ലം ജൂഡി റിസോര്‍ട്ടിലെ ജീവനക്കാര്‍ സമരത്തിലായിരുന്നു.