കൊച്ചി: കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പളം നൽകിയ ശേഷം മാത്രം ഓഫീസർമാർക്ക് ശമ്പളം നൽകിയാൽ മതിയെന്ന് ഹൈക്കോടതി നിർദേശം. ഓഫിസർമാർക്കും സൂപ്പർവൈസർമാർക്കും ആദ്യം ശമ്പളം നൽകുന്നത് തടയണമെന്ന ഏതാനും ഡ്രൈവർമാരുടെ ഹർജി അനുവദിച്ചാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
ഡ്രൈവർ -കണ്ടക്ടർ -മെക്കാനിക് തസ്തികകളിലുള്ളവർക്ക് ശമ്പളം നൽകുന്നില്ലെന്നും ഓഫീസർമാർക്കും സൂപ്പർവൈസർമാർക്കും കൃത്യമായി ശമ്പളം നൽകുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ജീവനക്കാർക്ക് എത്രയും വേഗം ശമ്പളം നൽകാനും കോടതി ഉത്തരവിട്ടു. കോർപ്പറേഷന്റെ ആസ്തികളും ബാധ്യതയും സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാനും കോടതി നിർദേശിച്ചു.
എത്ര നാൾ ശമ്പളം കൊടുക്കാതെ മുന്നോട്ട് പോകാനാവുമെന്ന് കോടതി ആരാഞ്ഞു. 30 കോടി സർക്കാർ നൽകിയിട്ട് ഈ മാസം എന്തുകൊണ്ട് ഇതു വരെ ശമ്പളം കൊടുത്തില്ല. ജീവനക്കാർക്ക് ശമ്പളം കൊടുത്തിട്ട് മറ്റുള്ളവർക്ക് കെടുത്താൽ മതി. ക്ഷേമ രാഷ്ടമാണിത്. ജീവനക്കാർക്ക് ജീവിക്കണം. കുട്ടികളെ പഠിപ്പിക്കണം. രണ്ട് മാസം ശമ്പളം കിട്ടാതെ എങ്ങനെ പണിയെടുക്കും. ആർക്കും ഉത്തരവാദിത്തം ഇല്ല. വിഷയം സർക്കാർ ഗൗരവത്തിലെടുക്കണം. പെൻഷനും ശമ്പളവും കൊടുക്കാൻ ലോണെടുത്ത് ഒരു സ്ഥാപനം എങ്ങനെ മുന്നോട്ട് പോകുമെന്ന് കോടതി ആരാഞ്ഞു.
യൂണിയനുകൾ മിണ്ടുമ്പോ മിണ്ടുമ്പോ സമരം ചെയ്യുകയാണന്ന് കോടതി ചൂണ്ടിക്കാട്ടി. അവകാശങ്ങളെ കുറിച്ച് മാത്രമാണ് അവർക്ക് ചിന്ത. 800 ബസുകൾ കട്ടപ്പുറത്താണ്. ഇങ്ങനെ പോയാൽ കോർപ്പറേഷൻ നിന്നു പോകും. എന്തു കൊണ്ട് സ്വകാര്യ മേഖല ലാഭത്തിൽ പോകുന്നു. മാനേജ്മെൻ്റിന് കാര്യപ്രാപ്തി വേണം. ചില നിർമ്മാണങ്ങൾ നടത്തി വെറുതെ കിടക്കുന്നു. നന്നാവണമെങ്കിൽ എല്ലാവരും വിചാരിക്കണം. സമരം ജനങ്ങളെയാണ് ബുദ്ധിമുട്ടിലാക്കുന്നത്. യുണിയൻ പ്രവർത്തനവും കൊടി പിടിക്കലും മാത്രമേ നടക്കുന്നുള്ളു. ജീവനക്കാരും ഈ അവസ്ഥക്ക് ഉത്തരവാദിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അനധികൃത അവധിയാണ് പ്രശ്നമെന്നും കോർപ്പറേഷൻ വ്യക്തമാക്കിയപ്പോൾ നടപ്പടിയെടുത്തോളാൻ ഹർജി ഭാഗം നിർദേശിച്ചു. സമരം ചെയ്യില്ലേ എന്ന് കോടതി ആരാഞ്ഞു. നിരവധി സൗജന്യങ്ങൾ നൽകുന്നുണ്ടെന്ന് കോർപ്പറേഷൻ ചൂണ്ടിക്കാട്ടിയപ്പോൾ എംഎൽഎ മാർക്കല്ലെയെന്ന് കോടതി ചോദിച്ചു.
ഇന്ത്യയിൽ എല്ലാ പൊതു മേഖല സ്ഥാപനങ്ങളും നഷ്ടത്തിലാണെന്നും പൊതുസംവിധാനമായതിനാലാണ് കോർപ്പറേഷനെ സഹായിക്കുന്നതെന്നും സർക്കാർ അറിയിച്ചു.
അതേസമയം, ജീവനക്കാർക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് വിവിധ തൊഴിലാളി സംഘടനകളുടെ സമരം തുടരുകയാണ്. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകളാണ് കെഎസ്ആർടിസിയുടെ ജില്ലാ ആസ്ഥാനങ്ങളിലും സെക്രെട്ടറിയേറ്റിന് മുന്നിലും സമരം നടത്തുന്നത്. അനിശ്ചിതകാലത്തേക്കാണ് സമരം.
Also Read: നിയമസഭാസമ്മേളനം 27 മുതല്‍; സ്വപ്നയുടെ വെളിപ്പെടുത്തൽ ആയുധമാക്കാൻ പ്രതിപക്ഷം