കൊച്ചി: ആക്രമിക്കപ്പെട്ട നടിയുമായി ഒത്തുതീർപ്പിലെത്തിയത് കൊണ്ട് മാത്രം അജു വർഗ്ഗീസിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി.  നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പിന്തുണച്ച് ഫെയ്സ്ബുക്കിൽ കുറിച്ച കുറിപ്പിൽ നടിയുടെ പേര് പരാമർശിച്ചതിനാണ് അജുവിനെതിരെ പൊലീസ് കേസ് എടുത്തത്.

ഇന്ന് രാവിലെയാണ് കേസിൽ നടിയുടെ സത്യവാങ്ങ്മൂലം അജുവിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചത്. തനിക്കെതിരായ അജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ദുരദ്ദേശപരമല്ലെന്നും, ഇതിൽ പരാതിയില്ലെന്നുമാണ് നടി നൽകിയ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയത്. എന്നാൽ നടിയുമായി ഒത്തുതീർപ്പിലെത്തിയത് കൊണ്ട് ഈ കേസ് തളളാനാവില്ലെന്ന നിലപാട് ഹൈക്കോടതി സ്വീകരിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അജു വർഗ്ഗീസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. “ആക്രമിക്കപ്പെട്ട നടിയുമായി ഒത്തുതീർപ്പിലെത്തിയത് കൊണ്ട് മാത്രം കേസ് ഇല്ലാതാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിൽ പൊലീസിന് ഇടപെടാൻ സാധിക്കില്ല”, കോടതി നിരീക്ഷിച്ചു.

ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളില്‍ നടിക്കൊപ്പവും ദിലീപിനൊപ്പവും ഉണ്ടെന്ന് സൂചിപ്പിച്ചുള്ള കുറിപ്പിലാണ് നടിയുടെ പേര് അജു വര്‍ഗ്ഗീസ് പരാമര്‍ശിച്ചത്.

പിന്നീട്, നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു വര്‍ഗീസ് ചോദിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി അജുവിന്റെ ഫോണും കളമശേരി പൊലീസ് പിടിച്ചെടുത്തിരുന്നു. ആവശ്യമെങ്കില്‍ അജുവിനെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു പൊലീസ് നിലപാട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ