scorecardresearch
Latest News

വിഴിഞ്ഞം സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി

സമരം പാടില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണിയാവുകയോ ചെയ്യരുതെന്നും പറഞ്ഞു

വിഴിഞ്ഞം സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ സഭയും മത്സ്യത്തൊഴിലാളികളും നടത്തുന്ന സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി. കര്‍ശന നടപടി സ്വീകരിക്കാന്‍ കോടതിയെ നിര്‍ബന്ധിക്കരുതെന്നും സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ പൂര്‍ണമായും നടപ്പിലാക്കണം. സമരം പാടില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണിയാവുകയോ ചെയ്യരുതെന്നും പറഞ്ഞു.

സമരം അക്രമാസക്തമാകുന്നെന്നും തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി തടസപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

സമരത്തിന്റെ നൂറാം ദിവസമായ ഇന്നലെ വിഴിഞ്ഞത്ത് സമരക്കാര്‍ പ്രതിഷേധം കടുപ്പിച്ചിരുന്നു. തുറമുഖ നിര്‍മ്മാണ മേഖലയിലേക്ക് അതിക്രമിച്ച് കയറിയ സമരക്കാര്‍ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ കടലിലേക്കെറിഞ്ഞു.

കരയിലൂടെയും കടലിലൂടെയുമായിരുന്നു നിര്‍മ്മാണ മേഖലയിലേക്ക് സമരക്കാരെത്തിയത്. മുദ്രാവാക്യം വിളികളുമായി സമരക്കാര്‍ പ്രദേശം കീഴടക്കുകയായിരുന്നു. പഴയ വള്ളങ്ങള്‍ കടലിലിട്ട് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചും ചിലര്‍ പ്രതിഷേധിച്ചു.

എന്നാല്‍ പിന്നീട് സമരക്കാര്‍ അക്രമാസക്തമാവുകയും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ അതിക്രമം ഉണ്ടാവുകയും ചെയ്തു. പല ദൃശ്യമാധ്യമങ്ങളുടേയും ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തില്‍ ലത്തീന്‍ സഭ പിന്നീട് ഖേദം പ്രകടിപ്പിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala high court on vizhinjam protest