കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2015ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്താനുള്ള നീക്കം പുനഃപരിശോധിക്കാനാകുമോ എന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മീഷനോടാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. 2015ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ 2020ലെ തിരഞ്ഞെടുപ്പ് നടത്താനുളള കമ്മീഷന്റെ തീരുമാനം ശരിവച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീലിലാണ് കോടതി കമ്മീഷന്റെ നിലപാട് ആരാഞ്ഞത്.
തീരുമാനം മാറ്റാനാവില്ലന്നും കോടതി ഉത്തരവിട്ടാൽ പരിശോധിക്കാമെന്നും കമ്മിഷൻ അറിയിച്ചു. കേസ് കോടതി വിധി പറയാൻ മാറ്റി. കോൺഗ്രസ് നേതാക്കളായ എം.മുരളി, എൻ. വേണുഗോപാൽ, എ.കെ.സുരേഷ് ബാബു, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി എന്നിവർ സമർപ്പിച്ച അപ്പീലാണ് കോടതി പരിഗണിച്ചത്.
Read More: പഞ്ചായത്ത് തിരഞ്ഞെടുപ്പ്: യുഡിഎഫിന്റെ ഹർജി ഹൈക്കോടതി തള്ളി
പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2015ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്താനുള്ള നീക്കം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. വോട്ടർ പട്ടിക ഏത് വേണമെന്നത് വിവേചനാധികാരമാണന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം കണക്കിലെടുത്താണ് ഹർജി കോടതി തള്ളിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി.
2019ലെ പൊതു തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർ പട്ടിക നിലവിലുണ്ടന്നിരിക്കെ, പഴയ വോട്ടർ ഉപയോഗിക്കുന്നത് കാലതാമസമുണ്ടാക്കുമെന്നും പുതിയ വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നുമായിരുന്നു ഹർജിക്കാരുടെ ആരോപണം.
2015ലെ വോട്ടർ പട്ടിക കരടായെടുത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ തീരുമാനം ചോദ്യം ചെയ്താണ് യുഡിഎഫ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത പലരും 2015ലെ വോട്ടർ പട്ടികയിലില്ലെന്നും ഇനിയും പേരുകൾ കൂട്ടി ചേർക്കുന്നതടക്കം വലിയ പ്രയാസമുണ്ടാക്കുമെന്നുമായിരുന്നു ഹർജിയിയിലെ ആരോപണം.
എന്നാൽ യുഡിഎഫിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാട് നേരത്തേയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പല വാർഡുകളുടെയും ഭാഗങ്ങൾ പല പോളിങ് ബൂത്തിലായി ചിതറിക്കിടക്കുന്ന അവസ്ഥയുണ്ട്. അതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പട്ടിക ഉപയോഗിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചു. ഈ വാദം കൂടി പരിഗണിച്ചായിരുന്നു യുഡിഎഫ് ഹർജി ഹൈക്കോടതി തള്ളിയത്.