കൊച്ചി: ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ സിറോ മലബാർ സഭാ അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഗൂഢാലോചനയും വിശ്വാസ വഞ്ചനയും നടന്നതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ചില ശക്തമായ തെളിവുകളാണ് കോടതിക്ക് മുന്നിലെത്തിയ്. ഭൂമി ഇടപാടിൽ അന്വേഷണം നടത്തി തെളിയിക്കണം. കർദ്ദിനാളിനും ചില ഇടനിലക്കാർക്കും തട്ടിപ്പിൽ പങ്കുളളതായി സംശയിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സഭാ നേതൃത്വം രാജ്യത്തെ നിയമങ്ങൾക്ക് വിധേയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കർദ്ദിനാൾ ആ നിയമത്തിന് കീഴിലാണെന്നും വ്യക്തമാക്കി.

സഭയുടെ ആഭ്യന്തര ഇടപാടുകളുകളിൽ​ കേസെടുക്കാൻ കഴിയില്ലെന്ന് ​ വാദത്തിനിടെ മേജർ ആർച്ച്​ ബിഷപ്പ്​ ജോർജ്​ ആലഞ്ചേരിയുടെ അഭിഭാഷകൻ പറഞ്ഞിരുന്നു. കാനോൻ നിയമ പ്രകാരമാണ്​ സഭയുടെ ഭരണം. സഭയുടെ സ്വത്തിന്റെ മേലധികാരി മാർപ്പാപ്പയാണെന്നും ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നടപടി സ്വീകരിക്കേണ്ടത് മാർപ്പാപ്പയാണെന്നും അഭിഭാഷകൻ വാദിച്ചു. സഭയുടെ ഭൂമി പൊതുസ്വത്തല്ലെന്നും ഇടപാടിൽ നഷ്​ടം സംഭവിച്ചാൽ തന്നെ മൂന്നാമതൊരാൾക്ക് പരാതി നൽകാൻ അവകാശം ഇല്ലെന്നും കർദിനാൾ വ്യക്തമാക്കി.

എന്നാൽ ഈ വാദത്തെ തുറന്നെതിർത്ത കോടതി കാനൻ നിയമമല്ല രാജ്യത്ത് നിലനിൽക്കുന്നതെന്ന് അഭിഭാഷകന് മറുപടി നൽകി. “രാജ്യത്ത് ഒരു നിയമവ്യവസ്ഥയുണ്ട്. സഭയും സഭാ നേതൃത്വവും ഇതിന് വിധേയമാണ്. സ്വത്ത് വിൽപ്പനയിൽ തർക്കങ്ങളുണ്ടായാൽ മാർപാപ്പയാണ് തീരുമാനം എടുക്കേണ്ടതെന്ന വാദം അംഗീകരിക്കാൻ സാധിക്കില്ല,” ഹൈക്കോടതി പറഞ്ഞു.

“സ്വത്തുക്കൾ രൂപതയുടേതാണ്. സ്വത്ത് നോക്കി നടത്തേണ്ട ചുമതല മാത്രമാണ് കർദിനാളിനും ബിഷപ്പിനും വൈദികർക്കുമുള്ളത്. രൂപതയ്ക്ക് വേണ്ടി കാര്യങ്ങൾ നടത്താനുള്ള പ്രതിനിധി മാത്രമാണ് ബിഷപ്പ്,” ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതോടെ കേസിൽ കർദ്ദിനാളിന്റെ നില കൂടുതൽ പരുങ്ങലിലായി. കേസിൽ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.