കൊച്ചി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ആയിഷ സുൽത്താനയുടെ മുൻകൂർ ജാമ്യ ഹർജിയിൽ കേരള ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ നിലപാട് തേടി. കേസ് വ്യാഴാഴ്ച പരിഗണിക്കുന്നതിനായി കോടതി മാറ്റി. ഇന്നലെയാണ് ഐഷ ഹൈക്കോടതിയെ സമീപിച്ചത്.
തനിക്ക് കവരത്തി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഞായറാഴ്ച ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും ആയിഷ കോടതിയെ അറിയിച്ചു. പരാതിക്കാരൻ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ടന്നും ഐഷ കോടതിയില്‍ വ്യക്തമാക്കി.
ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ ‘ബയോ വെപ്പണ്‍’ പരാമർശത്തില്‍ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തതിനെ തുടർന്നാണ് ആയിഷ കോടതിയെ സമീപിച്ചത്. ലക്ഷദ്വീപിലെ ബിജെപി ഘടകം അധ്യക്ഷനാണ് ആയിഷക്കെതിരെ പരാതി നൽകിയിട്ടുള്ളത്.
Also Read: രാജ്യദ്രോഹ കേസ്: മുൻകൂർ ജാമ്യം തേടി ഐഷ സുൽത്താന
ലക്ഷദീപ് സ്വദേശിയായ താൻ ദ്വീപിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്കെതിരെയാണ് പ്രതികരിച്ചതെന്നും തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ഹർജിയിൽ പറയുന്നു. രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലെന്നും വിദ്വേഷം പരത്തുന്നതോ, സംഘർഷം സൃഷ്ടിക്കുന്നതോ ആയ പരാമർശങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്നും ആയിഷ ഹർജിയിൽ ബോധിപ്പിച്ചു.
രാഷ്ട്രീയ ചർച്ചയിൽ ന്യായമായ വിമർശനം മാത്രമാണ് നടത്തിയിട്ടുള്ളൂവെന്നും തന്നെ തെറ്റായി കേസിൽ പെടുത്തിയിരിക്കുകയാണെന്നും ഹർജിയിൽ ബോധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ദ്വീപിൽ ജൈവായുധം പ്രയോഗിച്ചുവെന്ന്, ചാനൽ ചർച്ചയിൽ ഐഷ പറഞ്ഞതായാണ് പരാതിയിലെ ആരോപണം.