കൊച്ചി: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. എട്ട് ജീവനക്കാരെയെങ്കിലും ഉടന്‍ നിയമിക്കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. ഹെല്‍ത്ത് ആന്‍ഡ് ഫാമില്‍ വെല്‍ഫയര്‍ സെക്രട്ടറിക്കാണ് നിയമന ചുമതല. 23 ന് നിയമന പുരോഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി.
സുരക്ഷാ വീഴ്ച പതിവാകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടല്‍. ഇന്നലെ 17 കാരിയായ ഒരു അന്തേവാസി ആശുപത്രിയില്‍ നിന്ന് രക്ഷപെട്ടിരുന്നു. ഓടു പൊളിച്ചാണ് ഇവര്‍ ചാടിപ്പോയത്. കഴിഞ്ഞ ദിവസം ഒരു യുവാവ് ചാടിപ്പോയിരുന്നെങ്കിലും ഷൊര്‍ണൂരില്‍ നിന്ന് പിടികൂടിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രണ്ട് അന്തേവാസികള്‍ ഇവിടെ നിന്ന് രക്ഷപെട്ടിരുന്നു. ഭിത്തിയില്‍ വെള്ളമൊഴിച്ച് കുതിര്‍ത്തതിന് ശേഷം പ്ലേറ്റ് ഉപയോഗിച്ച് തുരന്നാണ് രക്ഷപെട്ടത്. 319 വനിതാ അന്തേവാസികളാണ് മാനസികാരോഗ്യ കേന്ദ്രത്തിലുള്ളത്. ഒരു വനിതാ സുരക്ഷാ ജീവനക്കാരി പോലും ആശുപത്രിയിലില്ല.
ആകെയുള്ള 469 അന്തേവാസികള്‍ക്കായി നാല് താത്കാലിക സുരക്ഷാ ജീവനക്കാരാണ് ഉള്ളത്. രാത്രികാലങ്ങളില്‍ ഒരാള്‍ മാത്രമാണ് കാവലിനായി ആശുപത്രിയിലുള്ളത്. കൊലപാതകം നടന്ന പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
ഈ മാസം 10 ന് മഹാരാഷ്ട്ര സ്വദേശിയായ യുവതിയെ സെല്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരുന്നു.
Also Read: നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമം; പ്രകോപനത്തില്‍ വീഴരുതെന്നും മുഖ്യമന്ത്രി