scorecardresearch
Latest News

‘മാതാപിതാക്കളുടേയും വിധവകളുടേയും കുട്ടികളുടേയും കണ്ണീരിന് ശമനമില്ല’; രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി

വഞ്ചിയൂർ വിഷ്ണു കൊലക്കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം

Kerala High Court, Motor vehicle tax, Motor vehicle tax refund for mentally challenged, Justice PV Kunhikrishnan

കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങളെ വിമര്‍ശിച്ച് ഹൈക്കോടതി. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാണെന്നും കൊല്ലപ്പെട്ടവർക്കായി രക്തസാക്ഷി മണ്ഡപങ്ങൾ ഉയരുന്നതല്ലാതെ മാതാപിതാക്കളുടേയും വിധവകളുടേയും കുട്ടികളുടേയും കണ്ണീരിന് ശമനമില്ലന്നും കോടതി വ്യക്തമാക്കി. വർഷം തോറും നടക്കുന്ന അനുസ്മരണങ്ങൾ കൊണ്ട് രാഷ്ട്രീയ വൈരം വർധിപ്പിക്കുകയാണന്നും കൊലപാതകൾക്ക് സംസ്ഥാനത്തിൻ്റെ സാമൂഹീക ഘടനയെ ബാധിച്ചെന്നും കോടതി ചൂണ്ടിക്കാണിച്ചു.

വഞ്ചിയൂർ വിഷ്ണു കൊലക്കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കേസില്‍ 13 ആര്‍എസ്എസ് പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു. 12 പേരുടെ ജീവപര്യന്തവും ഒരാളുടെ മുന്നു വര്‍ഷം തടവുമാണ് കോടതി റദ്ദാക്കിയത്. അപ്പീല്‍ പരിഗണിക്കവെ പ്രോസിക്യൂഷനേയും കോടതി വിമര്‍ശിച്ചു.

കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടെന്ന് കോടതി വിലയിരുത്തി. പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. സാഹചര്യത്തെളിവുകൾ ഹാജരാക്കാനായില്ല. കൊലപാതകത്തിൽ പങ്കില്ലാത്തവരെ വരെ പ്രതികളാക്കി. ദൃക്സാക്ഷികളുടെ മൊഴികൾ വിശ്വസനീയമല്ല. പ്രതികളുടെ തിരിച്ചറിയൽ വിശ്വാസയോഗ്യമല്ല. സാക്ഷികളെ പറഞ്ഞു പഠിപ്പിച്ചെന്നും കോടതി പറഞ്ഞു.

തൊണ്ടിമുതൽ കണ്ടെടുത്തതിലും മതിയായ വിശദീകരണമില്ലന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ട് സംഘങ്ങൾ തമ്മിലുള്ള രാഷ്‌ട്രീയ വൈരത്തിന്റെ ഭാഗമായി നടന്ന കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ടവർ കുറ്റം ചെയ്തതായി തെളിയിക്കാനും കഴിഞ്ഞില്ല. 12 മുതൽ 16 വരെയുള്ള പ്രതികളെ ഒരു തെളിവും ഹാജരാക്കാതെ വെറുതെ പ്രതി ചേർക്കുകയായിരുന്നെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 2008 ഏപ്രിൽ ഒന്നിനായിരുന്നു കൊലപാതകം നടന്നത്. രാഷ്ട്രീയ വൈരത്തിൻ്റെ പേരിൽ പ്രതികൾ ഗൂഢാലോചന നടത്തി വിഷ്ണുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala high court on political killings