/indian-express-malayalam/media/media_files/uploads/2021/01/court-1.jpg)
കൊച്ചി: സഭാ തർക്കത്തിൽ പള്ളികളിൽ തെരഞ്ഞെടുപ്പ് നടത്താൻ നിർദേശിച്ച് ഹൈക്കോടതിയുടെ സുപ്രധാന വിധി. തർക്കമുള്ള പത്ത് പള്ളികളിൽ ആരാധനക്ക് പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവ്.
നാല് പള്ളികളുടെ ഹർജികളിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പൂട്ടിക്കിടക്കുന്ന പൂതൃക്ക ,ഓണക്കൂർ പള്ളികളുടെ താക്കോൽ 1934 ലെ ഭരണഘടന പ്രകാരം നിയമിതനായ വികാരിക്ക് കൈമാറാനും കളക്ടറും വികാരിയും ചേർന്ന് പള്ളി ഭരണം നടത്താനും കോടതി നിർദേശിച്ചു.
പള്ളികളിൽ മതപരമായ ചടങ്ങുകൾ നടത്താൻ സംരക്ഷണം നൽകാനും കോടതി നിർദേശിച്ചു. 34 ലെ ഭരണഘടന പ്രകാരം ഇടവക രജിസ്റ്റർ പുതുക്കി സമിതിയെ തെരഞ്ഞെടുക്കണം. തെരഞടുപ്പിന് കളക്ടർ മേൽനോട്ടം വഹിക്കണമെന്ന് കോടതി നിർദേശിച്ചു. വെള്ളൂർ കാരിക്കോട് പള്ളിയിൽ കോടതി ഉത്തരവിൻ്റെ പകർപ്പ് ലഭിച്ച് മൂന്നു ദിവസത്തിനകം താക്കോൽ നിയമാനുസൃത വികാരിക്ക് കൈമാറണം, ഇടവക രജിസ്റ്റർ പുതുക്കി പുതിയ ഭരണസമിതി നിലവിൽ വരും കോട്ടയം കളക്ടറും വികാരിയും ചേർന്ന് ഭരണം നടത്തണം എന്നീ നിർദേശങ്ങളും കോടതി മുന്നോട്ട് വച്ചു.
പഴന്തോട്ടം പള്ളിയിൽ ഇടവക രജിസ്റ്ററിൽ ചേർക്കുന്നില്ലന്ന ഹർജികളിലും കോടതി നടപടി നിർദേശിച്ചു. ആൽമീയ കാര്യങ്ങൾ നിർവഹിക്കുന്നവരെ രജിസ്റ്ററിൽ ഉൾപ്പെടുത്താൻ കോടതി അനുവാദം നൽകി. ജോണി ഇടയനാൽ, രാജൻ തച്ചേത്ത് എന്നിവരുടെ ഹർജിയാണ് കോടതി പരിഗണിച്ചത് . മറ്റ് പള്ളികളിൽ അംഗത്വമില്ലന്ന് ഹർജിക്കാർ കോടതിയെ ബോധ്യപ്പെടുത്തി.
Also Read: എന്തറിഞ്ഞിട്ടാണ് കോടതിയിലെത്തിയത്? ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഹര്‍ജിക്കാരന് വിമര്‍ശം
പുളിന്താനം, ഓടക്കാലി, വടവുകോട്, മുഖത്തല, പീച്ചാനിക്കാട് പള്ളികളുടെ ഹർജികൾ കോടതി വ്യാഴാഴ്ച പരിഗണിക്കും.
അതേസമയം ഇരുസഭകളും ക്രിസ്തുവിനെ മറന്നെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പള്ളിത്തർക്കം സംബന്ധിച്ച പൊലിസ് സംരക്ഷണ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. കോടതി മാത്രമാണ് ക്രിസ്തു മാർഗം അംഗീകരിക്കുന്നത്. താൻ കേസിൽ നിന്ന് ഒഴിവാകുമെന്ന് ആരും കരുതേണ്ട. വിധി നടപ്പാക്കാൻ ഏതറ്റം വരെ പോകുമെന്നും കോടതി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.