കൊച്ചി: മോൺസൻ കേസുമായി ബന്ധപ്പെട്ട ഫേസ് ബുക്ക് പ്രതികരണത്തിൽ മുൻ മജിസ്ട്രേറ്റ് എസ് സുദീപിനോട് ഹൈക്കോടതി വിശദീകരണംതേടി. സുദീപിനോട് 23 നു നേരിട്ടു ഹാജരാവാൻ കോടതി നിർദേശിച്ചു.
സുദീപ് ഡിസംബർ നാലിനു പ്രസിദ്ധീകരിച്ച പോസ്റ്റ് കോടതിയേയും ജഡ്ജിയേയും വിമർശിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകൻ മുഹമ്മദ് ഷാ, മോൺസൻ കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
സുദീപിന് മോൻസൻ കേസിൽ എന്താണ് താൽപ്പര്യമെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടും കോടതി നിർദേശിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പകർപ്പ് കോടതി ഫയലിൻ്റെ ഭാഗമാക്കാൻ രജിസ്ട്രിക്കും കോടതി നിർദേശം നൽകി.
അതേസമയം, മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി പ്രവാസി മലയാളി സംഘടനക്കുള്ള ബന്ധത്തെക്കുറിച്ച് അനേഷണം വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ക്രൈംബ്രാഞ്ച് ഇക്കാര്യത്തിൽ ശരിയായ അന്വേഷണം നടത്തണമെന്ന് കോടതി നിർദേശിച്ചു.
മലയാളി സംഘടനയുടെ ഭാരവാഹി അനിത പുല്ലയിലിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ ചില തെളിവുകളുണ്ടെന്നും ഇത് ലാഘവത്തോടെ കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കേസ് ഇഡിയും ക്രൈംബ്രാഞ്ചും സഹകരിച്ച് അന്വേഷിക്കണം. സാമ്പത്തിക കാര്യങ്ങൾ ഇഡിയും മറ്റുള്ളവ ക്രൈം ബ്രാഞ്ചും അന്വേഷിക്കണം. കേന്ദ്ര സംസ്ഥാന വിഷയമായി കാണേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഹർജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.