കൊച്ചി: സിപിഎം പ്രവര്‍ത്തകനായ മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ലഭ്യമായ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും എണ്‍പതോളം പേരെ ചോദ്യം ചെയ്തെന്നും പൊലീസ് വ്യക്തമാക്കി.
അമ്പലപ്പുഴ തോട്ടപ്പിള്ളി പൂത്തോപ്പ് ബ്രാഞ്ച് അഗം സജീവനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ സജിത സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ജസ്റ്റിസ് കെ വിനോദ ചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ബഞ്ചിന്റെ പരിഗണനയിലുള്ളത്.
തോട്ടപ്പിള്ളിയില്‍ സിപിഎമ്മില്‍ സംഘടനാ പ്രശ്നങ്ങളുണ്ടെന്നും ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സജിതയുടെ ഹര്‍ജി.
പുലര്‍ച്ചെ മീന്‍പിടിക്കാന്‍ പോയ ഭര്‍ത്താവ് ഇതുവരെ തിരികെയെത്തിയിട്ടില്ല. പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായുള്ള ബ്രാഞ്ച് യോഗം, സജീവനെ കാണാതായതിനെത്തുടര്‍ന്ന് അനശ്ചിതമായി മാറ്റിവച്ചു. ബ്രാഞ്ച് സമ്മേളനവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവിനെ
കാണാതായത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചു.
Also Read: കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണം ആരംഭിച്ചതായി ഇഡി ഹൈക്കോടതിയിൽ