കൊച്ചി: സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലറായി (വിസി) ഡോ. സിസ തോമസിന് ചുമതല നല്‍കിയ ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി. നിയമനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്തിട്ടുണ്ട്. ചാന്‍സലറായ ഗവര്‍ണര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്കെല്ലാം നോട്ടിസിനും നിര്‍ദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
വിസിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ നിയമനം സ്റ്റേ ചെയ്താല്‍ കെടിയുവിന് വിസി ഇല്ലാതെയാകുമെന്നും അതിനാല്‍ ഇപ്പോള്‍ തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറാണ് ഡോ. സിസ തോമസ്. അതേസമയം, സിസ തോമസിനെതിരെ ഇന്നും എസ് എഫ് ഐയുടെ പ്രതിഷേധമുണ്ടായി. സര്‍വകലാശലയിലെത്തിയ വിസിയുടെ വാഹനം എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.