കൊച്ചി: കോട്ടയം തിരുവാർപ്പ് മർത്തശ്മൂനി പള്ളി തുറന്ന് വികാരിക്ക് ആരാധനയ്ക്ക് പൊലിസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. വിധി നടപ്പാക്കുന്നതിന് പൊലീസ് മേധാവി മേൽനോട്ടം വഹിക്കണം. ആറാഴ്ചക്കകം ഉത്തരവ് നടപ്പാക്കി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകണം.
മുപ്പത്തിനാലിലെ ഭരണഘടന പ്രകാരം പള്ളി ഭരിക്കപ്പെടണമെന്ന മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് പക്ഷത്തെ വികാരി ഫാദർ എ.വി.വർഗീസ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ്റെ നിർദേശം.
ആരാധനയ്ക്ക് തടസമുണ്ടാവരുതെന്നും ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാനും ക്രിമിനൽ കേസെടുക്കാനും കോടതി നിർദേശിച്ചു. ആരെങ്കിലും തടസമുണ്ടാക്കിയാൽ വീഡിയോയിൽ പകർത്തി ബന്ധപ്പെട്ട കോടതിക്ക് കൈമാറണം. പ്രതികൾക്കെതിരെ എടുക്കുന്ന കേസുകൾ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കണം.
കോടതിയിൽ ഹാജരാക്കുമ്പോൾ ഹൈക്കോടതിയുടെ ഉത്തരവും മജിസ്ടേറ്റിന് കൈമാറണമെന്നും ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഉത്തരവിൻ്റെ അന്തസത്ത പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
ക്രമസമാധാന പ്രശ്നം പറഞ് രണ്ട് വർഷമായിട്ടും ഉത്തരവ് നടപ്പാക്കാത്തത് നാണക്കേടാണന്ന് കോടതി ചൂണ്ടിക്കാട്ടി. കളക്ടറുടേയും പൊലീസ് മേധാവിയുടേയും നിലപാട് ന്യായീകരിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി.
കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ ബാധ്യസ്തരാണന്നും വേണ്ടത് ചെയ്യുമെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡീഷ്ണൽ അസ്വക്കറ്റ് ജനറൽ അശോക് എം.ചെറിയാൻ അറിയിച്ചു.
Also Read: ഭൂമി വിൽപ്പനക്കേസ്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി