കൊച്ചി: കുട്ടികൾ രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ പങ്കെടുക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും നിരോധിക്കണമെന്ന് ഹൈക്കോടതി. കുട്ടികളെ അരാഷ്ട്രീയവാദം പഠിപ്പിക്കുന്ന പ്രവണത ആശങ്കയുണ്ടാക്കുന്നതാണന്നും ഇത് തടയണമെന്നും കോടതി അഭിപ്രായപ്പെട്ടു.
പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷം പരത്തുന്ന വിധം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്ന കുട്ടിയുടെ ദൃശ്യം ശ്രദ്ധയിൽ പെട്ടതായും കോടതി പറഞ്ഞു. ഏതാനും പോക്സോ കേസുകൾ പരിഗണിക്കവെയാണ് ജസ്റ്റിസ് പി.ഗോപിനാഥിൻ്റെ പരാമർശങ്ങൾ.
കുട്ടികളെ രാഷട്രീയ പാർട്ടികളുടെ യോഗത്തിൽ പങ്കെടുപ്പിക്കുന്നതും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിപ്പിക്കന്നതുമാണ് ആകർഷണമായി മാറിയിട്ടുണ്ടന്നും ഇത് എത്രത്തോളം നിയമപരമാണന്നും കോടതി ചോദിച്ചു.കുട്ടികളിൽ മതവിദ്വേഷം വളർത്തുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇത് തടയണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ ആശങ്ക പ്രകടിപ്പിച്ച് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വേണ്ടത്ര കരുതൽ സ്വീകരിക്കാൻ ഹൈക്കോടതി പൊലിസിന് നിർദേശം നൽകിയിരുന്നു.