കൊച്ചി: കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകാനുള്ള സർക്കാർ നീക്കം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹോമിയോ മരുന്നുകൾ പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന് ആയുഷ് മന്ത്രാലയത്തിൻ്റെ മാർഗനിർദേശമുണ്ടന്നും സുപ്രീം കോടതിയും ഹൈക്കോടതിയും ഇത് ശരിവച്ചിട്ടുണ്ടന്നും സർക്കാർ അറിയിച്ചു.
സർക്കാർ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. പാലാരിവട്ടം സ്വദേശി ഡോ. സിറിയക് അബി ഫിലിപ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റfസ് എസ്. മണി കുമാറും ജസ്റ്റfസ് ഷാജി പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.
ഹർജിക്കാരൻ നിവേദനം നൽകിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. സംഘടന നിവേദനം നൽകിയിട്ടുണ്ടന്ന വാദം കോടതി തള്ളുകയും ചെയ്തു. ഹർജിക്കാരൻ നിവേദനം നൽകുകയാണെങ്കിൽ പരിഗണിക്കാനും കോടതി നിർദേശിച്ചു.
പ്രതിരോധ മരുന്നായ ആഴ്സനികം ആൽബം ഫലപ്രദമാണന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലന്ന് ആരോപിച്ചായിരുന്നു ഹർജി. ശാസ്ത്രീയ പഠനം നടത്തി സുരക്ഷിതമാണന്ന് ഉറപ്പാക്കാതെയുള്ള മരുന്ന് വിതരണം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുമെന്നും ഹർജിയിൽ പറയുന്നു.
18 വയസിൽ താഴെയുള്ളവർക്ക് വാക്സിൻ നൽകാത്ത സാഹചര്യത്തിൽ സ്ക്കൂളുകൾ തുറക്കുന്നത് കണക്കിലെടുത്താണ് ഹോമിയോ മരുന്ന് വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിറക്കിയത്.