scorecardresearch
Latest News

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ സംഭവം; ആന്റണി രാജുവിന്റെ വിചാരണ മുടങ്ങിയത് അതീവ ഗുരുതരമെന്ന് ഹൈക്കോടതി

വിചാരണ പൂർത്തിയാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ സംഭവം; ആന്റണി രാജുവിന്റെ വിചാരണ മുടങ്ങിയത് അതീവ ഗുരുതരമെന്ന് ഹൈക്കോടതി

കൊച്ചി: മന്ത്രി ആൻ്റണി രാജുവിനെതിരായ കേസിന്റെ വിചാരണ മുടങ്ങിയത് അതീവ ഗുരുതരമെന്ന് ഹൈക്കോടതി. വിചാരണ പൂർത്തിയാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

ഹൈക്കോടതിയുടെ മേൽനോട്ടാധികാരം ഉപയോഗിച്ച് വിചാരണ പൂർത്തിയാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തന ജോർജ് വട്ടുകുളം സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. വിചാരണ പൂർത്തിയാക്കാൻ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു.

മുന്നാം കക്ഷിക്ക് കേസിൽ ഇടപെടാൻ അവകാശമില്ലെന്നും ഹർജി തള്ളണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസിൽ പൊതുതാൽപ്പര്യമുണ്ടെന്നും മോഹൻലാലിന്റെ ആനക്കൊമ്പ് കേസിൽ മുന്നാം കക്ഷിയെ കേൾക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും ഹർജി ഭാഗം ബോധിപ്പിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിന് നോട്ടീസയച്ചു.

1990 ൽ ഓസ്ടേലിയൻ പൗരൻ പ്രതിയായ ലഹരി കടത്ത് കേസിൽ തൊണ്ടിമുതലിൽ കൃത്രിമം നടത്തി പ്രതിക്കെതിരായ കേസ് അട്ടിമറിച്ചെന്നാണ് ആൻ്റണി രാജുവിനെതിരായ ആരോപണം. അടിവസ്ത്രത്തിൽ ലഹരി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരുവനന്തപുരം സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ കോടതി പ്രതിയെ വെറുതെ വിട്ടു. പ്രതി ഉപയോഗിച്ചെന്ന് പറയപ്പെടുന്ന അടിവസ്ത്രം അയാൾക്ക് പകമല്ലെന്നും വ്യാജമാണെന്നുമുള്ള വാദം കണക്കിലെടുത്താണ് കോടതി വെറുതെ വിട്ടത്.

എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ കോടതി ജീവനക്കാരനെ സ്വാധീനിച്ച് ആൻറണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തുകയായിരുന്നുവെന്ന് കണ്ടെത്തി. പൊലിസ് 2008 ൽ ഇതുസംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും വിചാരണ അനന്തമായി നീളുകയാണ്. എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന വിചാരണ ആരംഭിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേസ് നെടുമങ്ങാട് കോടതിയുടെ പരിഗണനയിലാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala high court on antony raju case