കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ സൂക്ഷിക്കണമെന്ന് അതിജീവിതയോട് ഹൈക്കോടതി. ഉത്തരവാദിത്തം വേണമെന്ന് അതിജീവിതയുടെ അഭിഭാഷകയെ കോടതി ഓർമ്മപ്പിച്ചു.
അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണന്നാരോപിച്ച് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. അതേക്കുറിച്ച് ബോധ്യമുണ്ടാവണം. അനാവശ്യ ആരോപണമാണ് നിങ്ങൾ ഉന്നയിച്ചിട്ടുള്ളത്. ആരോപണങ്ങൾ ആവശ്യമുള്ളതാണങ്കിലും അല്ലങ്കിലും അവ പിന്നീട് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് അയച്ചതിൻ്റെ ഫലം വന്നതായി മാധ്യമങ്ങളിൽ നിന്നും അറിഞതായും കോപ്പി കിട്ടിയിട്ടില്ലെന്നും അതിജീവിത അറിയിച്ചു. മെമ്മറി കാർഡിൻ്റെ പരിശോധനാ ഫലവുമായി ഈ കേസിന് ബന്ധമില്ലന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
കേസ് ഇല്ലാതാക്കാൻ രാഷ്ട്രീയ ഇടപെടൽ നടക്കുകയാണന്നും കോടതിയുടെ മേൽനോട്ടം വേണമെന്നുമാവശ്യപെട്ടാണ് അതിജീവിത കോടതിയെ സമീപിച്ചത്. ഹർജി വെള്ളിയഴ്ച പരിഗണിക്കാനായി മാറ്റി.