കൊച്ചി: പെരിയ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കും. കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് കഴിഞ്ഞ ഏപ്രിലില്‍ സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കേസിലെ രാഷ്ട്രീയ ചായ്‌വ് അടക്കം വിശദമായി അന്വേഷണം വേണമെന്നു സിബിഐയോടു കോടതി നിർദേശിച്ചു.

അന്വേഷണ സംഘത്തിനു ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഒന്നാം പ്രതിയുടെ മൊഴി വേദവാക്യമായി കണക്കാക്കിയാണ് അന്വേഷണം നടത്തിയെന്ന് കോടതി വിമര്‍ശിച്ചു. കേസില്‍ കാര്യമായ അന്വേഷണം നടന്നില്ലെന്നു കോടതി പറഞ്ഞു.

രണ്ട് യുവാക്കള്‍ അതിക്രൂരമായി കൊല്ലപ്പെട്ട കേസാണിതെന്നു കോടതി ഓർമപ്പെടുത്തി. കേസില്‍ ഗൗരവപൂർവവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ചതില്‍ ഇതു വ്യക്തമാണെന്നും കോടതി പറഞ്ഞു. അതേസമയം, വിചാരണ നടന്നാല്‍ പോലും പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Read More: പെരിയ ഇരട്ടക്കൊലപാതകം; പ്രതികള്‍ ജാമ്യാപേക്ഷകള്‍ പിന്‍വലിച്ചതില്‍ കോടതിക്ക് അതൃപ്തി

സാക്ഷികളെക്കാള്‍ പ്രതികളെയാണ് പൊലീസ് വിശ്വാസത്തിലെടുത്തതെന്നു പറഞ്ഞ കോടതി ഇത്രയും പ്രധാനപ്പെട്ട കേസില്‍ ഫൊറന്‍സിക് സര്‍ജന്റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ലെന്നു വിമര്‍ശിച്ചു. 2018 ഫെബ്രുവരി 17 നാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. പീതാംബരനു ശരത് ലാലിനോടുള്ള വ്യക്തി വിരോധമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിലുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.