കൊച്ചി: കേസ് നടപടികള്‍ യുട്യൂബില്‍ തത്സമയം സംപ്രേഷണം ചെയ്ത് കേരള ഹൈക്കോടതി. ആദ്യമായാണ് ഇത്തരമൊരു നടപടി.
ദേവസ്വം ബെഞ്ചിന്റെ പ്രത്യേക സിറ്റിങ്ങാണ് ഇന്നു തത്സമയം യുട്യൂബില്‍ ലഭ്യമായത്. ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനു മലയാള ബ്രാഹ്മണരില്‍നിന്ന് മാത്രം അപേക്ഷ ക്ഷണിച്ച ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളാണു ബെഞ്ച് പരിഗണിച്ചത്.
ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണു ദേവസ്വം ബോര്‍ഡ് നടപടിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍. മേല്‍ശാന്തി നിയമം മലയാള ബ്രാഹ്മണര്‍ക്കു മാത്രമായി സംവരണം ചെയ്യുന്നതു ഭരണഘടനാ വിരുദ്ധമാണെന്നു ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നു.
മേല്‍ശാന്തി നിയമനം ഏതെങ്കിലുമൊരു സമുദായത്തിനായി സംവരണം ചെയ്യാനാകില്ല. സമുദായം നോക്കാതെ യോഗ്യരായവരില്നിന്നു മേല്‍ശാന്തിയെ നിയമിക്കണം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബോര്‍ഡിന്റെ ഇത്തരം നടപടി സ്റ്റേ ചെയ്യണമെന്നും ഹര്‍ജികളില്‍ ആവശ്യപ്പെടുന്നു.
ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുതകള്‍ പരിശോധിക്കാനായി ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും പി ജി അജിത്കുമാറും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു കേസ് പരിഗണിച്ചത്. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഡിസംബര്‍ 17 ലേക്കു മാറ്റി.
അതേസമയം, ഹൈക്കോടതി നടപടികളുടെ തത്സമയ സംപ്രേഷണം തുടരുമോയെന്ന് വ്യക്തമായിട്ടില്ല.
ഗുജറാത്ത് ഹൈക്കോടതിയാണു രാജ്യത്ത് ആദ്യമായി നടപടികള്‍ യൂട്യൂബില്‍ തത്സമയ സംപ്രേഷണം ചെയ്തത്. 2020 ഒക്ടോബറിലായിരുന്നു ഇത്. തുടര്‍ന്ന് ഗുവാഹതി, കര്‍ണാടക, മധ്യപ്രദേശ്, ഒറിസ, പട്ന, ഝാര്‍ഖണ്ഡ്, മേഘാലയ, തെലങ്കാന ഹൈക്കോടതികളും നടപടികള്‍ യൂട്യൂബില്‍ തത്സമയ സംപ്രേഷണം ചെയ്തു.
ഈ വര്‍ഷം ഓഗസ്റ്റ് 26-നാണു സുപ്രീം കോടതി നടപടികള്‍ ആദ്യമായി തത്സമയം സംപ്രേഷണം ചെയ്തത്. അന്നത്തെ ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അവസാന പ്രവൃത്തി ദിനമായിരുന്നു അത്. തുടര്‍ന്ന് സെപ്റ്റംബര്‍ 26 മുതല്‍ ഭരണഘടനാ ബെഞ്ചുകളിലെ വാദം കേള്‍ക്കല്‍ നടപടികളുടെ തത്സമയ സംപ്രേഷണം ആരംഭിച്ചു.