കൊച്ചി: വീഡിയോ കോൺഫറൻസിങ് വഴി വിദേശത്തുളളവരുടെ വിവാഹം റജിസ്റ്റർ ചെയ്ത് കൊടുക്കാവുന്നതാണെന്ന് കേരള ഹൈക്കോടതി. അമേരിക്കയിലുളള കൊല്ലം സ്വദേശി പ്രദീപന്റെയും ആലപ്പുഴക്കാരി ബറൈലിയുടെയും വിവാഹം ഇത്തരത്തിൽ നടത്താൻ കോടതി അനുവദിച്ചു.

ട്രംപിന്റെ പുതിയ കുടിയേറ്റ നയമാണ് ഇവരുടെ വിവാഹത്തിന് തടസം സൃഷ്ടിച്ചത്. 17 വർഷം മുൻപ് ഇരുവരുടെയും വിവാഹം കഴിഞ്ഞതാണ്. ആദ്യം അയർലൻഡിലായിരുന്ന പ്രദീപൻ 2006 ൽ ആണ് അമേരിക്കയിലേക്ക് പോയത്. ഇവിടെ സ്ഥിരം താമസക്കാരനാണ് ഇദ്ദേഹം. ഭാര്യയെയും മക്കളെയും അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിനുള്ള വിസയ്ക്ക് അപേക്ഷിക്കാൻ സ്പെഷൽ മാര്യേജ് നിയമപ്രകാരം വിവാഹിതരാകേണ്ടതുണ്ട്.

എന്നാൽ ഇപ്പോൾ അമേരിക്കയിൽ നിന്ന് തിരികെ നാട്ടിലേക്ക് വന്നാൽ തിരിച്ച് പോകാൻ സാധിക്കില്ലെന്ന ആശങ്ക മൂലം ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. വീഡിയോ കോൺഫറൻസിങ് വഴി ഇവരുടെ അറിവോടെയാണ് വിവാഹം എന്ന് റജിസ്ട്രാർക്ക് ഉറപ്പുവരുത്താമെന്നും റജിസ്റ്ററിൽ ഇവർ നിർദ്ദേശിക്കുന്നവർ ഒപ്പുവച്ചാൽ മതിയെന്നും കോടതി നിർദ്ദേശിച്ചു.

സാമൂഹിക മാറ്റത്തിനും സാഹചര്യങ്ങൾക്കും ഒപ്പം നിയമം മാറണമെന്ന് പറഞ്ഞ കോടതി നിന്നിടത്ത് തന്നെ നിൽക്കരുതെന്നും വ്യക്തമാക്കി. ശക്തമായ സാമൂഹിക മാറ്റം പുരോഗതിക്ക് തടസമായ നിയമങ്ങളെ തട്ടിമാറ്റുമെന്നും കോടതി നിരീക്ഷിച്ചു. നേരത്തേ ക്രിമിനൽ കേസുകളിലെ വിചാരണ വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്താമെന്ന വിധിയാണ് ഇരുവർക്കും അനുകൂലമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.