കൊച്ചി: കന്നുകാലികളെ കശാപ്പിനായി വിൽകുന്നത് നിയന്ത്രിച്ച കേന്ദ്ര ഉത്തരവില്‍ കശാപ്പിന് പൂര്‍ണമായ നിരോധനമില്ലെന്ന് ഹൈക്കോടതി. കേന്ദ്ര വിജ്ഞാപനത്തിൽ കശാപ്പിനോ മാംസ വിൽപ്പനയ്ക്കോ നിരോധനമില്ലെന്നും കശാപിനുള്ള കന്നുകാലികളെ കാലിച്ചന്തകളില്‍ വിൽക്കുന്നത് മാത്രമാണ് നിരോധിച്ചതെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

“കന്നുകാലി ചന്തകളില്‍ കശാപ്പിനായി കാലികളെ വില്‍ക്കുന്ന നടപടിയാണ് ഉത്തരവിലൂടെ നിരോധിച്ചത്. അല്ലാതെ ഒരാള്‍ വളര്‍ത്തിയ കാലികളെ കശാപ്പിനായി വില്‍കുന്നതില്‍ തടസ്സമില്ല. പിന്നെ എങ്ങനെയാണ് ഭക്ഷണ സ്വാതന്ത്രത്തിലും തൊഴില്‍ എടുക്കാനുള്ള സ്വാതന്ത്രത്തിലും കൈകടത്തുക എന്നും കോടതി ചോദിച്ചു.
അതുകൊണ്ട് തന്നെ പൊതുതാത്പര്യ ഹർജി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
“കശാപ്പും വില്‍പ്പനയും വീടുകളിലോ മറ്റിടങ്ങളിലോ ആയിക്കൂടെ? പൗരന്റെ ഒരവകാശത്തിലും ഇവിടെ കൈകടത്തപ്പെട്ടിട്ടില്ല. ഉത്തരവ് പൂര്‍ണമായും വായിച്ച് പോലും നോക്കാതെയാണ് ജനങ്ങള്‍ എതിര്‍പ്പ് ഉന്നയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കോടതിയുടെ ഈ നിരീക്ഷണത്തെ തുടർന്ന് ഹർജിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുനിൽ ഹർജി പിൻവലിച്ചു. ഇതേ വിഷയത്തിൽ മൂന്ന് ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് മുൻപാകയും എത്തുന്നുണ്ട്. ഈ ഹർജികളിലെ വിധി ഇതോടെ നിർണായകമാകും.

കോണ്‍ഗ്രസ് എംഎല്‍എ ഹൈബി ഈഡന്‍ അടക്കമുള്ളവര്‍ കേന്ദ്ര ഉത്തരവ് ചോദ്യം ചെയ്ത് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര ഉത്തരവ് സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതിയുടെ വിധിയിലും ആശ്ചര്യപ്പെട്ടുപോയെന്നാണ് കേരളാ ഹൈക്കോടതി വ്യക്തമാക്കിയത്. ഉത്തരവ് പൂര്‍ണമായി വായിച്ചിരുന്നെങ്കില്‍ പ്രതിഷേധങ്ങള്‍ പോലും ഉണ്ടാകുമായിരുന്നില്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ