കൊച്ചി: മുസ്ലിം പളളികളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ടുളള ഹിന്ദു മഹാസഭയുടെ ഹർജി കേരള ഹൈക്കോടതി തളളി. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്ജ, ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.

അഖില ഭാരത ഹിന്ദു മഹാ സഭയുടെ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് പൊതു താത്പര്യ ഹർജി സമർപ്പിച്ചത്. ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചത്.

മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത്, ഭരണഘടനയുടെ 14, 21 അനുചേദങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. തിരുവനന്തപുരത്തെ ബീമാപളളി, സൗദി അറേബ്യയിലെ മക്ക തുടങ്ങിയ ഇടങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ടെന്നും, പർദ്ദ പോലുളള വസ്ത്രങ്ങൾ വ്യക്തി സ്വാതന്ത്ര്യത്തിന് മേലുളള കടന്നു കയറ്റമാണെന്നും ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്.

എന്നാൽ പരാതിക്കാരൻ നേരിട്ടോ അല്ലാതെയോ നിയമ ലംഘനം അനുഭവിക്കുന്നില്ലെന്നും, മുസ്ലിം സ്ത്രീകളാരും പരാതി പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജ്ജി തള്ളിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook