കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തടവിൽ കഴിഞ്ഞിരുന്ന ദിലീപിനെ ചട്ടം ലംഘിച്ച് ആരും കണ്ടിരുന്നില്ലെന്ന് ജയിൽ വകുപ്പിന്റെ വാദം. ഇത് അംഗീകരിച്ച കോടതി ജയിലധികൃതർക്കെതിരായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.
ആലുവ സബ് ജയിലിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ദിലീപ് തടവിൽ കഴിഞ്ഞിരുന്ന കാലത്ത് ഗുരുതരമായ ചട്ടലംഘനം സന്ദർശകരെ അനുവദിച്ച സംഭവത്തിൽ നടന്നുവെന്നുമാണ് ഹർജിയിൽ ആരോപിച്ചിരുന്നത്.
ജയില്‍ വകുപ്പിന്‍റെയും പോലീസിന്‍റെയും റിപ്പോര്‍ട്ട് അനുസരിച്ചാണ് ഹര്‍ജി തള്ളിയത്.ചട്ടം അനുസരിച്ചാണ് സന്ദര്‍ശകരെ അനുവദിച്ചതെന്ന് ജയിൽ വകുപ്പും പൊലീസും വാദിച്ചു. ആലുവ സബ് ജയിലിനകത്ത് 24 കാമറകളും പ്രവർത്തിക്കുന്നുണ്ടെന്നും ഇരുവിഭാഗവും കോടതിയെ അറിയിച്ചു.
തൃശ്ശൂര്‍ പീച്ചി സ്വദേശിനി മനീഷ എം ആണ് ഹര്‍ജിക്കാരി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു.