കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹർജി മാറ്റിയത്. ദിലീപ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും.
നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരാണ് ആദ്യം മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ പരാമർശിക്കുന്ന വിഐപിയെന്ന് സംശയിക്കുന്ന ആലുവ സ്വദേശി ശരത്ത് ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പുതിയ കേസ് എടുത്തത്. ബാലചന്ദ്രകുമാറിന്റെ മൊഴി മുദ്രവച്ച കവറിൽ പൊലീസ് കോടതിക്ക് കൈമാറും. മൊഴി പഠിച്ച ശേഷം കേസ് കേൾക്കുന്നതാവും ഉചിതമെന്ന് കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
വിചാരണ തീരും വരെ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകൾ മാധ്യമങ്ങൾ നല്‍കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയും കോടതിയുടെ മുൻപാകെയുണ്ട്. രഹസ്യവിചാരണ നിര്‍ദേശം മാധ്യമങ്ങള്‍ ലംഘിക്കുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു. രഹസ്യ വിചാരണയെന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെയും സഹോദരീ ഭർത്താവ് ടി. എന്‍. സുരാജിന്റെയും വീടുകളിൽ ഇന്നലെ വൈകീട്ട് ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നിരുന്നു. ഏതാനും ദിവസം മുൻപ് ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീടുകളിലും ഓഫിസിലും ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. എട്ടുമണിക്കൂറോളമാണ് റെയ്ഡ് നീണ്ടത്.
Also Read: ദിലീപിന്റെ സുഹൃത്തിന്റെയും ഭാര്യാ സഹോദരന്റെയും വീടുകളിൽക്രൈം ബ്രാഞ്ച് റെയ്ഡ്