കൊച്ചി: ദേശീയ പാതയോരത്തെ ബാറുകൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മദ്യശാലകൾ തുറക്കുന്നതിനെതിരായി നൽകിയ ഹർജിയിൽ വിധി പറയും വരെ ബാറുകൾ തുറക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മദ്യശാലകൾ മുഴുവൻ തുറക്കാൻ ആരും പറഞ്ഞിട്ടില്ല എന്നും ദേശീയ പാതയ്ക്കടുത്താണെങ്കിൽ അപേക്ഷ പരിഗണിക്കണമെന്നാണ് നിർദേശിച്ചത് എന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ അവ്യക്തതയുണ്ടെങ്കിൽ സർക്കാരിന് കോടതിയെ സമീപിക്കാമായിരുന്നെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ ചുമലിൽ കയറി ബാറുകൾക്കുവേണ്ടി സർക്കാർ വെടിവയ്ക്കാൻ നോക്കണ്ട എന്നും ജഡ്ജി പറഞ്ഞു.

ദേശീയ പാതയെന്ന് മന്ത്രിക്കും സർക്കാരിനു ബോധ്യമുണ്ടായിരുന്നു. പിന്നെ എന്തിനാണ് ബാറുകൾ തുറന്നതെന്നും ഹൈക്കോടതി ചോദിച്ചു. സുപ്രീംകോടതിയുടെ മേലെയല്ല ഹൈക്കോടതി, ഹൈക്കോടതിയില്‍ ദുരൂഹമായി ഒന്നും നടക്കുന്നില്ല. പിഡിബ്ല്യൂഡി യുടെ അഭിഭാഷകന്‍ എന്ത് കൊണ്ട് ദേശീയപാത സംബന്ധിച്ച നോട്ടിഫിക്കേഷന്‍ കോടതിയില്‍ നല്‍കിയില്ല എന്നും ഹൈക്കോടതി ചോദിച്ചു.

മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഹർജികളിൽ നാളെ വിധിപറയും എന്നും ഹൈക്കോടതി വ്യക്തമാക്കി.

Read More : മദ്യനയത്തില്‍ മലക്കം മറിഞ്ഞ് സഭ; വൈന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ എക്സൈസിന് സൂസെപാക്യത്തിന്റെ കത്ത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ