കൊച്ചി: പ്രകൃതി വിരുദ്ധ പീഡനത്തിന് ബലാത്സംഗ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. നിർഭയ കേസിനു ശേഷം ബലാത്സംഗം നിർവചിച്ചിട്ടുണ്ടന്നും ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രകൃതി വിരുദ്ധ ലൈംഗിക കുറ്റത്തിനുള്ള വകുപ്പല്ല ബലാത്സംഗം തന്നെ ചുമത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയ പ്രതിയുടെ ജീവപര്യന്തം കഠിന തടവ് ശിക്ഷ ശരിവച്ചാണ് വിധി. പ്രതിക്കെതിരായ പ്രകൃതി വിരുദ്ധ ലൈംഗിക കുറ്റം കോടതി ഒഴിവാക്കി. ശിഷ്ട ജീവിതകാലം മുഴുവൻ പ്രതി ജയിൽവാസം അനുഭവിക്കണമെന്ന വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
ഏറെക്കാലമായി ഇക്കാര്യത്തിൽ നിലനിന്നിരുന്ന നിയമ സംശയത്തിന് കൃത്യമായ നിയമ വ്യാഖ്യാനം നൽകുന്നതാണ് ജസ്റ്റീസുമാരായ കെ.വിനോദ ചന്ദ്രനും സിയാദ് റഹ്മാനും അടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ വിധി. എറണാകുളത്ത് പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും കോടതി തള്ളി.
സ്കുളില്‍ മാതാവിനൊപ്പം മെഡിക്കൽ ക്യാമ്പിനെത്തിയപ്പോഴാണ് കുട്ടിയെ അയൽക്കാരൻ പീഡിപ്പിച്ച വിവരം ഡോക്ടറോട് വെളിപ്പെടുത്തിയത്. കുട്ടിയുടെ ഭാവിയെ കരുതി പരാതി നൽകാൻ കുടുംബം
തയാറായില്ല. എന്നാൽ ചൈൽഡ് ലൈനിൽ നിന്നുള്ള അന്വേഷണം വന്നതോടെ രണ്ട് മാസം കഴിഞ്ഞ് പരാതി നൽകി.
പരാതി നൽകാൻ വൈകിയെന്നും മെഡിക്കൽ ക്യാമ്പിൽ കുട്ടിക്ക് പരിശോധന നടന്നിട്ടില്ലന്നും ബലാത്സംഗം തെളിവില്ലന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി. ദൃക്സാക്ഷികളില്ലാത്ത കേസിൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്.കുട്ടിയുടെ മൊഴി തന്നെ പ്രധാന തെളിവാണന്നും പ്രതി കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
അറിയിപ്പ്: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, ബലാത്സംഗം, ലൈംഗികാതിക്രമം എന്നിവയ്ക്ക് ഇരയായ വ്യക്തിയെയോ, നിയമപരമായ വിഷയത്തിൽ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടതോ/ അങ്ങനെ സംശയിക്കുന്നതോ ആരോപിക്കുന്നതോ ആയ കുട്ടിയെയോ തിരിച്ചറിയാൻ ഇടയാക്കുന്ന എന്തെങ്കിലും വിവരങ്ങൾ ഒരു തരത്തിലും വെളിപ്പെടുത്താനോ അതേകുറിച്ചുള്ള സൂചനകൾ നൽകാനോ പാടില്ല.
Also Read: പ്രസവാവധി: ജീവനക്കാരിയെ പിരിച്ചുവിട്ടത് അതിക്രൂരമെന്ന് ഹൈക്കോടതി; തിരിച്ചെടുക്കാന്‍ ഉത്തരവ്