scorecardresearch

അമ്മയേയും കുട്ടികളെയും മാനസിക രോഗികളായി ചിത്രീകരിച്ചു; ബാലാവകാശ കമ്മിഷന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊടുങ്ങല്ലൂര്‍ സ്വദേശിയായ ബാലകൃഷ്ണന്‍ തന്റെ മകളേയും രണ്ടു പേരക്കുട്ടികളേയും കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് കോടതി പരിഗണിച്ചത്

Kerala High Court, Motor vehicle tax, Motor vehicle tax refund for mentally challenged, Justice PV Kunhikrishnan

കൊച്ചി: അമ്മയേയും കുട്ടികളെയും മാനസിക രോഗികളായി കണ്ട ബാലാവകാശ കമ്മിഷന്‍ അധികാര പരിധി ലംഘിച്ചുവെന്ന് കേരള ഹൈക്കോടതി. ജീവിതരീതിയും ആചാരങ്ങളും വീട്ടിലെ സാഹചര്യങ്ങളും നോക്കി മാത്രം അമ്മയേയും മക്കളേയും മാനസിക രോഗ ചികിത്സക്ക് വിധേയമാക്കുന്നതിന് നിര്‍ദ്ദേശിച്ച ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

അമ്മയില്‍ നിന്നും കുട്ടികളെ മാറ്റി നിര്‍ത്തുന്നത് കുട്ടികളുടെ ശാരീരികവും വിദ്യാഭ്യാസപരവുമായി ക്ഷേമത്തിന് കോട്ടം തട്ടുമെന്നും അതുകൊണ്ട് കുട്ടികളെ മാറ്റി നിര്‍ത്തണമെന്നു കണ്ടെത്തിയ ബാലാവകാശ കമ്മിഷന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടികളുടെ മാതാവ് അഞ്ച് രുദ്രാക്ഷങ്ങളും വിവിധ മതങ്ങളുടെ ഫോട്ടകളും ശരീരത്തിലിട്ടിട്ടുണ്ടെന്നും ഡിസിപിഒ കോടതിയില്‍ ബോധിപ്പിച്ചു.

കുട്ടികളും അമ്മയും അയല്‍വാസികളുമായി യാതൊരു ബന്ധവുമില്ലാതെയാണ് ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ കാണുന്നയാള്‍ക്ക് മനോരോഗ ചികിത്സ ആവശ്യമുള്ളതാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മനോരോഗ ചികിത്സക്ക് വിടുന്നതിന് ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫിസര്‍ ഉത്തരവിടുകയായിരുന്നു.

ഇങ്ങനെ ഉത്തരവിടാന്‍ ശിശു അവകാശ കമ്മിഷന് അധികാരമില്ലെന്ന് കോടതി വിലയിരുത്തി. കോടതി നിശ്ചയിച്ച കളമശേരി മെഡിക്കല്‍ കോളേജിലെ ഡോ. പ്രിയ ഗോപാലകൃഷ്ണന്‍ അമ്മയും മക്കളും ഭര്‍ത്താവുമായി സംവദിച്ച ശേഷം ഇവര്‍ക്ക് മാനസിക രോഗമില്ലെന്ന് കോടതിയില്‍ അറിയിച്ചു. ജീവിതത്തിലുടനീളം അവര്‍ അനുഭവിച്ച മാനസിക പീഡനങ്ങളാണ് അവര്‍ക്ക് മാനസിക സമ്മര്‍ദ്ദത്തിനു കാരണം.

രോഗിയാണെന്ന് ചിത്രീകരിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ബലമായി കൊണ്ടുപോയത് അവരെ മാനസികമായി ബാധിച്ചിട്ടുണ്ട്. മക്കളില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള ഭര്‍ത്താവിന്റെ ശ്രമമാണ് അമ്മയ്ക്ക് മാനസിക സമ്മര്‍ദത്തിന് കാരണമായത്. ഇവരുമായി ഒരിക്കല്‍ കൂടി പരിശോധനയ്ക്ക് വിധേയമാക്കണമെന്നു ഡോക്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ഡിസംബര്‍ 10 മുതല്‍ 17 വരെ അമ്മയേയും കുട്ടികളേയും ഡോ. പ്രിയയുടെ അടുത്ത് പരിശോധനയ്ക്കു വിധേയമാക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ചു ഒരു റിപ്പോര്‍ട്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേന ഫയല്‍ ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭര്‍ത്താവ് പല തവണ തന്റെ ഭാര്യയെ മാനസിക രോഗിയാക്കുന്നതിന് വിവിധ മാനസിക രോഗ പരിശോധന കേന്ദ്രങ്ങളില്‍ കൊണ്ടുപോയിട്ടുണ്ടെന്നും കോടതി കണ്ടെത്തി.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ ബാലകൃഷ്ണന്‍ തന്റെ മകളേയും രണ്ടു പേരക്കുട്ടികളേയും കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിഷന്‍ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി വിലയിരുത്തി. ഹര്‍ജിയില്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള കുട്ടികളുടെ മാനസിക നില സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രണ്ടു ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പറഞ്ഞു.

കേസില്‍ അമ്മയേയും കുട്ടികളേയും ചികിത്സിച്ച ആശുപത്രി അധികൃതരെ കേസില്‍ എതിര്‍ കക്ഷിയാക്കാന്‍ കോടതി നിര്‍ദേശിച്ചു. അമ്മയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച മൂവാറ്റുപുഴ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതരെ കേസില്‍ എതിര്‍ കക്ഷിയാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

കൂടാതെ കൊടുങ്ങല്ലൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറെ കോടതി കേസില്‍ കക്ഷിച്ചേര്‍ത്തു. ഹര്‍ജിക്കാരനൊപ്പം മകളേയും പേരക്കുട്ടികളേയും വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു. ഇവരുടെ മൊഴിയെടുക്കാന്‍ കോടതി കൊടുങ്ങല്ലൂര്‍ എസ്എച്ച്.ർഒയ്ക്ക് നിര്‍ദശം നല്‍കി.

Also Read: പെട്രോളിയം ഉത്പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്താനാകില്ല; ആവര്‍ത്തിച്ച് കേന്ദ്രം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala high court child rights commission kerala police