കൊച്ചി: കാതോലിക്ക ഇപ്പോഴത്തെ പാത്രിയാർക്കീസിനെ എന്തുകൊണ്ട് അംഗീകരിക്കുന്നില്ലന്ന് കാതോലിക്ക വിശദീകരിക്കണമെന്ന മുൻ ഉത്തരവ് കേരള ഹൈക്കോടതി പിൻവലിച്ചു. ഓർത്തഡോക്സ് പക്ഷത്തിൻ്റെ വാദം കേട്ട ശേഷമാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ തിങ്കളാഴ്ചത്തെ ഉത്തരവ് പിൻവലിച്ചത്. ഓടക്കാലി പള്ളിയുടെ പൊലിസ് സംരക്ഷണ ഹർജിയിലായിരുന്നു കോടതിയുടെ തിങ്കളാഴ്ചത്തെ ഉത്തരവ്.
പാത്രിയാർക്കീസിനെ എന്തുകൊണ്ട് അംഗീകരിക്കുന്നില്ലന്ന വിഷയം സുപ്രീം കോടതി വിശദമായി പരിശോധിച്ച് തീർപ്പാക്കിയതാണെന്നും ഉത്തരവിലെ പരാമർശം തെറ്റാണന്നും ഓർത്തഡോക്സ് വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. ശ്രീകുമാർ ബോധിപിച്ചു. 2017 ജൂലൈ മൂന്നിലെ കെ. എസ്. വർഗീസ് കേസിലെ ഉത്തരവിൽ സുപ്രീം കോടതി ഇക്കാര്യം വിശദമായി വ്യക്തമാക്കിയിട്ടുണ്ടന്നും ബോധിപ്പിച്ചു.
ജൂലൈ മൂന്നിലെ ഉത്തരവിനെതിരെ പാത്രിയാർക്കീസ് വിഭാഗം സമർപ്പിച്ച വ്യക്തത തേടൽ ഹർജിയിലും ഇക്കാര്യം പരിഗണിച്ച് തള്ളിയതാണന്നും അഭിഭാഷകൻ അറിയിച്ചു. പാത്രിയാർക്കീസ് മലങ്കരയിൽ സമാന്തര ഭരണം തുടരുകയാണന്നും ഓർത്തഡോക്സ് വിഭാഗം ചൂണ്ടിക്കാട്ടി. മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപോലീത്തയെ ശ്രേഷ്ഠ ബാവായുടെ സഹായിയായി നിയമിച്ച പാത്രിയാർക്കീസിൻ്റെ ഉത്തരവ് കോടതിയിൽ ഹാജരാക്കി. കേസ് തുടർവാദത്തിന്നായി മാറ്റി.
Also Read: വഖഫ് ബോർഡ് നിയമനം: സമസ്ത സമരത്തിനില്ലെന്ന് ജിഫ്രി തങ്ങൾ