scorecardresearch

മന്ത്രി ആന്റണി രാജുവിന് ആശ്വാസം, തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയ കേസ് ഹൈക്കോടതി റദ്ദാക്കി

ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നായിരുന്നു ആന്റണി രാജുവിനെതിരായ കേസ്

antony raju, ie malayalam

കൊച്ചി: തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയ കേസിൽ മന്ത്രി ആന്റണി രാജുവിന് ആശ്വാസം കേസ് ഹൈക്കോടതി റദ്ദാക്കി. അതേസമയം നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചു വീണ്ടും നിയമ നടപടികൾ ആരംഭിക്കുന്നതിനു ഉത്തരവ് തടസമല്ലെന്നും ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ നിർദേശിച്ചു. കേസ് രജിസ്റ്റർ ചെയ്തതിലെ അപാകതയും, നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കാത്ത കേസിൽ കുറ്റപത്രം സ്വീകരിച്ച വിചാരണക്കോടതി നടപടിയും ചോദ്യം ചെയ്താണ് മന്ത്രി ആന്റണി രാജു കോടതിയെ സമീപിച്ചത്.

കേസിലെ ആരോപണങ്ങൾ നീതിനിർവഹണ സംവിധാനത്തെ ബാധിക്കുന്നതായതിനാൽ ഇക്കാര്യത്തിൽ ഹൈക്കോടതി തുടർ നടപടികൾ സ്വീകരിക്കേണ്ടതുണ്ടന്നും കോടതി പറഞ്ഞു. പ്രതികളായ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ടു ഹർജി നൽകിയത്.

1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ വിദേശിയെ പിടികൂടിയിരുന്നു. ഈ ലഹരിക്കേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടി അന്ന് തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു.

അടിവസ്ത്രത്തിൽ ലഹരി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരുവനന്തപുരം സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ കോടതി പ്രതിയെ വെറുതെ വിട്ടു. പ്രതി ഉപയോഗിച്ചെന്ന് പറയപ്പെടുന്ന അടിവസ്ത്രം അയാൾക്ക് പാകമല്ലെന്നും വ്യാജമാണെന്നുമുള്ള വാദം കണക്കിലെടുത്താണ് കോടതി വെറുതെ വിട്ടത്.

എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ കോടതി ജീവനക്കാരനെ സ്വാധീനിച്ച് ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തുകയായിരുന്നുവെന്ന് കണ്ടെത്തി. പൊലീസ് 2008 ൽ ഇതുസംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും വിചാരണ അനന്തമായി നീളുകയായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala high court cancelled fir on antony raju case